ലക്നൗ: രണ്ടുമാസം മുമ്പ് മരിച്ച അമ്മയുടെയും സഹോദരിയുടെയും മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞ യുവതിയെ കണ്ടെത്തി. ദീപ എന്ന് പേരുള്ള യുവതിയെയാണ് മൃതദേഹങ്ങൾക്കൊപ്പം വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നുവെന്ന അയൽക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിയുന്നത്. അയോധ്യയിലെ ആദർശ് ന​ഗർ കോളനിയിലാണ് സംഭവം.

ദീപയുടെ അമ്മ പുഷ്പ ശ്രീവാസ്തവയും സഹോദരി വിഭയുമാണ് മരിച്ചത്. അയൽക്കാരുടെ പരാതിയെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് കതക് പൊളിച്ച് അകത്ത് കയറിയപ്പോൾ ജീർണ്ണിച്ച മൃതദേഹങ്ങൾക്കൊപ്പം കിടക്കുന്ന നിലയിലായിരുന്നു ദീപയെ കണ്ടെത്തിയത്.1990 ലാണ് ദീപയുടെ പിതാവ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വിജേന്ദ്ര ശ്രീവാസ്തവ മരിച്ചത്. അമ്മയ്ക്കും മൂന്ന് സഹോദരിമാർക്കുമൊപ്പമാണ് ദീപ കഴിഞ്ഞിരുന്നത്. മൂത്ത സഹോദരി രൂപാലി കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. രൂപാലിയുടെ മരണശേഷം പുഷ്പയും ദീപയും വിഭയും മാനസികമായി തളർന്നിരുന്നു. മൂന്ന് പേരും അയൽക്കാരോട് മിണ്ടാറില്ലെന്നും ദേവ് കാളി പൊലീസ് സ്റ്റേഷൻ സിഐ അരവിന്ദ് ചൗരസ്യ പറഞ്ഞു.

പുഷ്പയുടെയും വിഭയുടെയും മൃതദേഹങ്ങൾക്ക് ഏകദേശം രണ്ടുമാസം പഴക്കമുണ്ട്. ജീർണ്ണിച്ച മൃതദേഹങ്ങളുടെ എല്ലുകൾ‌ അടക്കം പുറത്തേക്ക് കാണാമായിരുന്നു. എന്നാൽ ഇരുവരും എങ്ങനെ മരിച്ചുവെന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും അരവിന്ദ് ചൗരസ്യ പറഞ്ഞു. ദീപയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ദീപയെ ധ്യാന കേന്ദ്രത്തിലേക്കോ അഭയകേന്ദ്രത്തിലേക്കോ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.