മകൾ കിടക്കുന്നത് എസി മുറിയിലല്ലെന്ന് മനസ്സിലായതോടെ ഭർതൃവീട്ടുകാരോട് തട്ടിക്കയറുകയും ഭർതൃപിതാവായ രാംകുമാറിന്റെ മുഖത്തടിക്കുകയും ചെയ്തു.

ലഖ്നൗ: മകൾക്ക് പ്രസവിക്കാൻ എസി മുറി ഏർപ്പെടുത്തിയില്ലെന്നാരോപിച്ച് ദമ്പതികളുടെ വീട്ടുകാർ തമ്മിൽ കൂട്ടയടി. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പ്രസവശേഷം യുവതിയുടെ വീട്ടുകാർ കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയപ്പോഴാണ് സംഭവം. യുവതി പ്രസവിച്ച് കിടക്കുന്ന മുറിയിൽ എസി ഇല്ലെന്നാരോപിച്ച് തർക്കമുണ്ടാകുകയും തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിലാണ് യുവതി പ്രസവിച്ചതെന്നും എല്ലാ ചെലവുകളും താനാണ് വഹിച്ചതെന്നും ഭർതൃപിതാവ് പറഞ്ഞു. പ്രസവിച്ച ശേഷം യുവതിയുടെ വീട്ടുകാർ അമ്മയെയും കുഞ്ഞിനെയും കാണാനെത്തി.

മകൾ കിടക്കുന്നത് എസി മുറിയിലല്ലെന്ന് മനസ്സിലായതോടെ ഭർതൃവീട്ടുകാരോട് തട്ടിക്കയറുകയും ഭർതൃപിതാവായ രാംകുമാറിന്റെ മുഖത്തടിക്കുകയും ചെയ്തു. ഇയാളുടെ ഭാര്യയെയും രണ്ട് മക്കളെയും ഇവർ മർദ്ദിച്ചെന്നും ആരോപിച്ചു. സംഭവം ആരോ മൊബൈൽ ക്യാമറയിൽ പകർത്തിയതോടെയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. യുവതിയുടെ വീട്ടുകാർ‌ക്കെതിരെ പൊലീസിൽ പരാതി നൽകിയെന്ന് യുവാവിന്റെ വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വീഡിയോയിൽ ഒരു യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. 

Scroll to load tweet…

ദിവസങ്ങൾക്ക് മുമ്പെ പപ്പടം കിട്ടാത്തതിന്‍റെ പേരിൽ കല്യാണ സദ്യക്കിടെകൂട്ടത്തല്ലുണ്ടായ ദൃശ്യങ്ങളും അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. തമിഴ്നാട്ടിലെ സീർകാഴിയിലായിരുന്നു സംഭവം. പായസത്തിന് രുചി പോരെന്ന പേരിലായിരുന്നു തമ്മിലടി. മയിലാടുതുറൈ സീർകാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്‍റെ പേരിൽ തമ്മിലടി നടന്നത്. വിവാഹനിശ്ചയച്ചടങ്ങ് വേദിയിലാണ് കൂട്ടത്തല്ല് നടന്നത്. സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്‍റെ പേരില്‍ ചിലർ എതിരഭിപ്രായം പറഞ്ഞു. തുടർന്നുള്ള തർക്കത്തിൽ പായസത്തിന് രുചി പോരെന്ന് വരന്‍റെ ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഇതോടെ ഇരുഭാഗത്തും അതിഥികൾ ചേർന്ന് തർക്കം വഷളായി. ഇതിനിടെ വരന്‍റെ ഒപ്പമെത്തിയവരിൽ ചിലർ വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു.