ദില്ലി: നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ പി സിംഗിനെതിരെ ആക്രമണശ്രമം. കേസിലെ അവസാന ഹര്‍ജിയും തള്ളിയതിന് പിന്നാലെ സുപ്രീംകോടതിക്ക് പുറത്തെത്തിയ എ പി സിംഗിനെ മറ്റൊരു അഭിഭാഷക ചെരുപ്പൂരി അടിക്കാനാണ് ശ്രമിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് അഭിഭാഷകര്‍ ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്.

എ പി സിംഗ് കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തുവരെയാണ് സഹായിക്കുന്നത്. ഇങ്ങനെയുള്ളവരെ കോടതിയില്‍ കയറാന്‍ അനുവദിക്കരുത് എന്നുള്ള പ്രതിഷേധ വാക്കുകള്‍ ഉയര്‍ത്തിയാണ് ഇവര്‍ എ പി സിംഗിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.

നാടകീയമായ അവസാന മണിക്കൂറുകള്‍ക്ക് ശേഷം നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രപതി എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് പരിമിതമായ അധികാരം മാത്രമേയുള്ളുവെന്നും കോടതി വ്യക്തമാക്കി. കുറ്റവാളികള്‍ ഉന്നയിച്ച വാദങ്ങള്‍ എല്ലാം കോടതി തള്ളി കളഞ്ഞു. ഇതൊരു അസാധാരണ വാദം എന്ന് ഉത്തരവില്‍ കോടതി രേഖപ്പെടുത്തി. ആവശ്യമായ ചികിത്സ പ്രതികള്‍ക്ക് കിട്ടിയില്ലെന്നുള്ള വാദത്തില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.  

ചരിത്രവിധി പിറന്നു; നിര്‍ഭയ കുറ്റവാളികളുടെ അവസാന ഹര്‍ജി സുപ്രീംകോടതി തള്ളി