ഒഡീഷ: വിവാഹേതര ബന്ധം ആരോപിച്ച് യുവതിക്ക് നേരെ കൊടുംക്രൂരത. ഇരുപത്തിയഞ്ച് വയസുകാരിയെ ബന്ധുക്കളടങ്ങുന്ന സംഘം മർദ്ദിച്ച് അവശയാക്കി തലമൊട്ടയടിച്ച് നാട് ചുറ്റിച്ചു. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ നിലഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഭര്‍തൃ സഹോദരനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതിയെ ഭർത്താവിന്റെ ബന്ധുക്കളടങ്ങുന്ന സംഘം മർദ്ദിച്ചത്. മർദ്ദനങ്ങൾക്ക് ശേഷം യുവതിയെ ഗ്രാമത്തിന് പുറത്തെ കാട്ടില്‍ ഉപേക്ഷിച്ചു. അവശയായ യുവതി ആൾക്കൂട്ടം പിരിഞ്ഞ ശേഷം തിരികെ വീട്ടില്‍ എത്തുകയായിരുന്നു.

യുവതിയുടെയും വീട്ടുകാരുടെയും പരാതിയില്‍ നിലഗിരി പൊലീസ് കേസെടുത്തു. കുറ്റക്കാരെന്ന് സംശയിക്കുന്നവരെല്ലാം സ്ത്രീയുടെ ബന്ധുക്കള്‍ ആണ്. സംഭവത്തിൽ ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഹരിയാനയിലും രാജസ്ഥാനിലും സമാന സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.