ഷിംല: ​ഗർഭിണിയായ യുവതിയെ എട്ട് മണിക്കൂർ തോളിൽ ചുമന്ന്  ആശുപത്രിയിലെത്തിച്ച് സ്ത്രീകൾ. ഹിമാചൽ പ്രദേശിലെ ശക്തി ഗ്രാമത്തിലാണ് സംഭവം. മോശം റോഡുകളും ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളും ഇല്ലാത്തതിനാലാണ് ​ഗർഭിണയെ തോളിലേറ്റി ഇവർ മുപ്പത് കിലോമീറ്റർ നടന്നത്. 

ഞായറാഴ്ചയാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ സ്ത്രീകള്‍ തോളിലേറ്റി കുളു ജില്ലയിലെ സൈഞ്ച് വാലിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്തെ അര ഡസനിലധികം ഗ്രാമങ്ങളിൽ റോഡുകളും വൈദ്യുതിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ഗദർപാലി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തിന്റെ വിദൂര പ്രദേശങ്ങളിൽ വികസന പദ്ധതികൾ കൊണ്ടുവരണമെന്നും അദ്ദേഹം ഹിമാചൽ പ്രദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

നേരത്തെ ഗർഭിണിയായ യുവതിയെ എംഎൽഎ, ആറ് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഒഡീഷയിലെ ബിജെഡി എംഎല്‍എ ആയ മന്‍ഹാര്‍ രണ്‍ദാരിയും സംഘവുമാണ് പൂര്‍ണ ഗര്‍ഭിണിയെ ആറ് കിലോ മീറ്റര്‍ ചുമന്ന ശേഷം കാറില്‍ ആശുപത്രിയിലെത്തിച്ചത്. 

Read Also:​ ഗർഭിണിയെ ചുമന്ന് എംഎൽഎയും സംഘവും നടന്നത് ആറ് കിലോമീറ്റർ

ഗർഭിണിക്ക് സഹായവുമായി സിആര്‍പിഎഫ് ജവാന്‍മാര്‍; ആറ് കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്തിച്ചു