ഒഡീഷ: ​ഗർഭിണിയായ യുവതിയെ ആറ് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തിൽ എംഎൽഎയ്ക്കും സംഘത്തിനും അഭിനന്ദന പ്രവാഹം. ഒഡീഷയിലെ ബിജെഡി എംഎല്‍എ ആയ മന്‍ഹാര്‍ രണ്‍ദാരിയും സംഘവുമാണ് പൂര്‍ണ ഗര്‍ഭിണിയെ ആറ് കിലോ മീറ്റര്‍ ചുമന്ന ശേഷം കാറില്‍ ആശുപത്രിയിലെത്തിച്ചത്. സ്വന്തം മണ്ഡലമായ ദാബു​ഗാം സന്ദർശിക്കാനെത്തിയതായിരുന്നു എംഎൽഎ. 

തന്റെ മണ്ഡലത്തിലെ ​​ഗ്രാമമായ കുസുംകുന്തിയിൽ  പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദര്‍ശനത്തിനെത്തിയതായിരുന്നു എംഎല്‍എ. ഈ സമയത്താണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലന്‍സ് വിളിച്ചെങ്കിലും ആ ഗ്രാമത്തിലേക്ക് എത്താന്‍ ആംബുലന്‍സ് എത്താന്‍ കഴിയുമായിരുന്നില്ല. ​ഗതാ​ഗത യോ​ഗ്യമായ റോഡ് ഇല്ലാത്തതിനാൽ അവിടെയ്ക്ക് വാഹനങ്ങൾക്ക് എത്താൻ സാധിക്കില്ലെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തി. ഇക്കാര്യം അറിഞ്ഞ ഉടനെ തന്നെ സഹപ്രവർത്തകർക്കൊപ്പം യുവതിയെ ചുമന്ന് താഴെയെത്തിക്കാൻ എംഎൽഎ തീരുമാനിക്കുകയായിരുന്നു. താഴെയെത്തിയതിന് ശേഷം കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ഇതിൽ അസാധാരണമായി ഒന്നുമില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ, ജനങ്ങൾക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ അവർക്കൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണ്. എംഎൽഎ പറഞ്ഞു. പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതി നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.