പത്ത് വർഷത്തോളമായി ​ഗൾഫിൽ ജോലി ചെയ്ത് വരുന്ന യൂസഫ് വല്ലപ്പോഴും മാത്രമേ നാട്ടിൽ വരാറുള്ളു. ആ സമയത്താണ് നിലോഫർ തന്റെ പഴയ കാമുകനുമായി അടുപ്പത്തിലാകുന്നത്

താനെ: കാമുകനെ വിവാഹം ചെയ്യാൻ വിവാഹമോചനപത്രത്തിൽ തന്റെ കള്ളയൊപ്പിട്ടെന്ന് ആരോപിച്ച് യുവതിക്കെതിരെ ഭർത്താവിന്റെ പരാതി. മുംബൈയിലെ മുംബ്ര സ്വ​ദേശി നിലോഫറിനെതിരെ ഭർത്താവ് യൂസഫ് ഷെരീഫ് മസ്താൻ ആണ് പൊലീസിൽ പരാതി നൽകിയത്. 

മുംബ്രയിൽ ഒമ്പത് വയസ്സുള്ള മകനൊപ്പമാണ് നിലോഫർ താമസിക്കുന്നത്. 2007 മുതൽ യൂസഫ് ​ഗൾഫിൽ മെക്കാനിക്കായി ജോലി ചെയ്തുവരുകയാണ്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളത്തിന്റെ പകുതിയിലധികവും യൂസഫ് നാട്ടിലെ ഭാര്യയ്ക്കാണ് അയക്കാറുള്ളത്. നാട്ടിൽ സ്വന്തമായി ഒരു വീട് വാങ്ങിക്കുന്നതിനായാണ് കിട്ടുന്ന ശമ്പളത്തിന്റെ പകുതിയും യൂസഫ് ഭാര്യയ്ക്ക് അയക്കുന്നത്.

പത്ത് വർഷത്തോളമായി ​ഗൾഫിൽ ജോലി ചെയ്ത് വരുന്ന യൂസഫ് വല്ലപ്പോഴും മാത്രമേ നാട്ടിൽ വരാറുള്ളു. ആ സമയത്താണ് നിലോഫർ തന്റെ പഴയ കാമുകനുമായി അടുപ്പത്തിലാകുന്നത്. കാമുകനെ വിവാഹം ചെയ്യുന്നതിനായി നിലോഫർ യൂസഫിന്റെ കള്ളയൊപ്പിട്ട് വിവാഹമോചന ഹർജി ഫയൽ ചെയ്തു. അതിനുശേഷം യൂസഫ് നാട്ടിൽ വന്നപ്പോഴാണ് നിലോഫറിന്റെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. തന്റെയും മകന്റേയും കാര്യങ്ങൾ നോക്കാതെ നിലോഫർ ഏത് നേരവും ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നത് യൂസഫിനെ അസ്വസ്ഥനാക്കി. താൻ ആരോടാണ് ഫോണിൽ സംസാരിക്കുന്നതെന്ന് ചോദിക്കുമ്പോഴേല്ലാം സുഹൃത്തിനോടാണെന്ന് നിലോഫർ യൂസഫിനോട് നുണ പറയും. ഇത്രയും സംഭവങ്ങൾക്ക് ശേഷം യൂസഫ് തിരിച്ച് ​ഗൾഫിലേക്ക് പോയി. പിന്നീട് 2017-ൽ തിരിച്ച് വന്നപ്പോഴാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ചതിയുടെ ചുരുളഴിയുന്നത്.

നിലോഫറിന്റെ നിർബന്ധപ്രകാരം കുറച്ച് നാളുകൾക്ക് മുമ്പാണ് മുംബ്രയിലെ വീട് വിൽക്കുകയും അവിടെ അടുത്തായി നിലോഫറിന്റെ പേരിൽ തന്നെ മറ്റൊരു വീട് വാങ്ങിക്കുകയും ചെയ്തത്. എന്നാൽ നാട്ടിലേക്ക് തിരിച്ചെത്തിയ യൂസഫിനെ കാണാൻ വിസമ്മതിച്ച നിലോഫർ അദ്ദേഹത്തെ വീട്ടിൽ പ്രവേശിക്കുന്നതിനും വിലക്കി. അതിനാൽ യൂസഫ് ന​ഗരത്തിലെ ഒരു ഹോട്ടലിൽ താമസം തുടങ്ങി. പിന്നീട് ഭാര്യയുടെ പെരുമാറ്റത്തിൽ അനുഭവപ്പെട്ട അസ്വഭാവികത കാരണം യൂസഫ് വീട് വിറ്റക് സംബന്ധിച്ച് അന്വേഷണം നടത്തി. 32 ലക്ഷം രൂപയ്ക്കാണ് നിലോഫർ പഴയ വീട് വിറ്റത്. എന്നാൽ 23 ല​ക്ഷത്തിനാണ് വിറ്റതെന്നായിരുന്നു നിലോഫർ യൂസഫിനോട് പറഞ്ഞത്. ബാക്കി തുക നിലോഫറും കാമുകനും ചേർന്ന് ചെലവാക്കുകയായിരുന്നു. 

തുടർന്ന് വീട്ടിലെത്തിയ യൂസഫിന് വിവാഹമോചനപത്രം കാണുകയും തന്റെ കള്ളയൊപ്പിട്ടാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തതെന്നു കാണിച്ച് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഏപ്രിലിലാണ് നിലോഫർ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. യൂസഫ് നാട്ടിൽ ഇല്ലാത്ത സമയത്താണ് നിലോഫർ അ​ദ്ദേഹത്തിന്റെ ഒപ്പിട്ട് വിവാഹമോചന ഹർജി ഫയൽ ചെയ്തതെന്ന് തെളിഞ്ഞതായി അന്വേഷണ ഉദ്യോ​ഗസ്ഥൻ എസ്ബി ഷിൻഡെ വ്യക്തമാക്കി. ഇതിനായി യൂസഫിന്റെ പാസ്പോർട്ട്, വിസ തുടങ്ങിയവ പരിശോധിച്ചതായും പൊലീസ് പറഞ്ഞു.

വഞ്ചന, കള്ളയൊപ്പിടല്‍, ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു വിവാഹം എന്നീ വകുപ്പുകൾ ചേർത്താണ് നിലോഫറിനെതിരെ പൊലീസ് കേസെടുത്തത്. കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കുമെന്നും ഷിൻഡെ പറഞ്ഞു. അതേസമയം കേസിൽ മുൻകൂർ ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ് നിലോഫർ.