Asianet News MalayalamAsianet News Malayalam

മക്കളുടെ ക്ലാസ് മുടക്കാനാകില്ല; 'മം​ഗല്യസൂത്രം' പണയപ്പെടുത്തി ടിവി വാങ്ങി വീട്ടമ്മ

കസ്തൂരിയുടെ ഭർത്താവ് മുത്തപ്പ ദിവസവേതനക്കാരനാണ്. എന്നാൽ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരുമാനം നിലച്ചു. ഇവരുടെ നാല് മക്കളിൽ മൂന്ന് പേർ 7, 8 ക്ലാസുകളിലാണ് പഠിക്കുന്നത്. മൂത്ത മകളെ വിവാഹം കഴിച്ചയച്ചു.

women mortgages mangalsutra to buy tv her children class on doordarshan
Author
Bengaluru, First Published Aug 1, 2020, 4:49 PM IST

ബെംഗളൂരു: മക്കളുടെ ക്ലാസുകൾ നഷ്ടമാകാതിരിക്കാൻ മം​ഗല്യസൂത്രം(താലി) പണയപ്പെടുത്തി ടിവി വാങ്ങി വീട്ടമ്മ. കർണാടകയിലെ ഗദക് ജില്ലയിലാണ് സംഭവം. കസ്തൂരി ചലവാടി എന്ന യുവതിയാണ് തന്റെ മക്കളുടെ പണത്തിനായി 12 ഗ്രാം തൂക്കമുള്ള മം​ഗല്യസൂത്രം പണയപ്പെടുത്തിയത്. 

വീട്ടിൽ ടിവി ഇല്ലാത്തതിനാൽ അടുത്ത വീടുകളിൽ പോയാണ് കുട്ടികൾ ടിവി കണ്ടിരുന്നത്. ക്ലാസുകൾ ദൂരദർശനിലൂടെ ആരംഭിച്ചതോടെ ടിവിയിലൂടെ ക്ലാസുകൾ കാണണമെന്ന് അധ്യാപകർ നിർദേശിച്ചുവെന്നും കസ്തൂരി പറഞ്ഞു. ക്ലാസ് നഷ്ടമാകാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനമാണ് തന്നെ താലി വിൽക്കാൻ പ്രേരിപ്പിച്ചതെന്ന് കസ്തൂരി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പലരോടും പണം കടം ചോദിച്ചുവെങ്കിലും ലഭിച്ചില്ലെന്നും ഇവർ പറയുന്നു. 

അതേസമയം, കസ്തൂരിയുടെ വാർത്ത അറിഞ്ഞ തഹസിൽദാർ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് അയച്ചിരുന്നു. വായ്പ നൽകിയ പണമിടപാടുകാരൻ വിവരമറിഞ്ഞതിനെ തുടർന്ന് മംഗല്യസൂത്രം തിരികെ നൽകുകയും ചെയ്തു. പണം ലഭിക്കുന്നതനുസരിച്ച് മടക്കി നൽകിയാൽ മതിയെന്നും ഇയാൾ പറഞ്ഞു. 

കുടുംബത്തിന്റെ അവസ്ഥ പുറത്തുവന്നതിന് പിന്നാലെ ഇവർക്കായി രാഷ്ട്രീയ പ്രവർത്തകരും പ്രദേശവാസികളും ധനശേഖരണം നടത്തി. കോൺഗ്രസ് എംഎൽഎ. സമീർ അഹമ്മദ് 50,000 രൂപയും മന്ത്രി സിസി പാട്ടീൽ 20,000 രൂപയും ഇവർക്ക് നൽകിയതായാണ് റിപ്പോർട്ടുകൾ.

കസ്തൂരിയുടെ ഭർത്താവ് മുത്തപ്പ ദിവസവേതനക്കാരനാണ്. എന്നാൽ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരുമാനം നിലച്ചു. ഇവരുടെ നാല് മക്കളിൽ മൂന്ന് പേർ 7, 8 ക്ലാസുകളിലാണ് പഠിക്കുന്നത്. മൂത്ത മകളെ വിവാഹം കഴിച്ചയച്ചു.

Follow Us:
Download App:
  • android
  • ios