Asianet News MalayalamAsianet News Malayalam

വനിതാ ഉദ്യോ​ഗസ്ഥർ കമാൻഡിങ് ഓഫീസർ പദവിയിലേക്ക്, ചരിത്രം കുറിക്കാൻ കരസേന!

ജഡ്ജ് അഡ്വക്കറ്റ് ജനറല്‍, ആര്‍മി എഡ്യുക്കേഷന്‍ കോപ്‌സ് എന്നീ 2 ബ്രാഞ്ചുകളില്‍ മാത്രമാണ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷനും കേണല്‍ റാങ്കും നല്‍കിയിരുന്നത്. 

Women officers to the rank of Commanding Officer in army
Author
First Published Jan 27, 2023, 11:55 AM IST

ദില്ലി: 1992-2006 ബാച്ചിലെ നിലവില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള 244 വനിതാ ഉദ്യോഗസ്ഥരെയാണ് കേണല്‍ റാങ്കിലേക്കായി പരിഗണിച്ചിരിക്കുന്നത്. ഇതില്‍ 108 പേരുടെ പ്രൊമോഷനില്‍ നടപടികള്‍ പൂര്‍ത്തിയായി.

എന്താണ് ഈ നടപടിയുടെ പ്രാധാന്യം?

ആദ്യമായി വനിതാ ഉദ്യോഗസ്ഥര്‍ക്ക് പുരുഷ ഉദ്യോ​ഗസ്ഥരുടേതിന് തുല്യമായ സുപ്രധാന റാങ്ക് ലഭിച്ചിരിക്കുന്നു. ജഡ്ജ് അഡ്വക്കറ്റ് ജനറല്‍, ആര്‍മി എഡ്യുക്കേഷന്‍ കോപ്‌സ് എന്നീ 2 ബ്രാഞ്ചുകളില്‍ മാത്രമാണ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷനും കേണല്‍ റാങ്കും നല്‍കിയിരുന്നത്. ഇത് ഓഫീസ് ജോലിയാണ്. ട്രൂപ്പുകളുടെ കമാന്‍ഡിങ് എന്ന കാര്യം ഇതിലില്ല.

നിര്‍ണായകമായത് സുപ്രീംകോടതി ഉത്തരവ്

വനിതാ ഉദ്യോഗസ്ഥര്‍ക്ക് സേനയില്‍ പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണമെന്ന ഫെബ്രുവരി 2020ലെ സുപ്രീംകോടതി ഉത്തരവാണ് ഈ സ്ഥാനക്കയറ്റത്തിലേക്കുള്ള വാതില്‍ തുറന്നത്. യുദ്ധരംഗത്ത് ഒഴികെ മറ്റെല്ലാ വിഭാഗത്തിലും പെര്‍മനന്റ് കമ്മീഷന്‍ ഇതുവഴി സാധ്യമായി. 1992ന്റെ തുടക്കം മുതലെ വനിതാ ഉദ്യോഗസ്ഥരെ കരസേനയില്‍ നിയമിക്കുന്നുണ്ട്. പക്ഷേ കേണല്‍ റാങ്കിലേക്കുള്ള പ്രമോഷന് ഇത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നു. അതിന്റെ കാരണം എന്താണെന്ന് നോക്കാം.

16-18 വര്‍ഷം സേവന കാലാവധിയുള്ളവര്‍ക്കാണ് കേണല്‍ റാങ്കിലേക്ക് പ്രമോഷന്‍ കിട്ടുക. കാലാവധിക്ക് പുറമെ മറ്റു മാനദണ്ഡങ്ങളുമുണ്ട്. വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷനിലാണ് അവരെ എടുത്തിരുന്നത്. അതുകൊണ്ട് തന്നെ 14 വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധി വനിതാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നില്ല. സുപ്രീംകോടതി ഉത്തരവോടെ പെര്‍മനന്‍റ് കമ്മീഷന്‍ സാധ്യമായി.

ഒരു ബറ്റാലിയനെ കമാന്‍ഡ് ചെയ്യുക എന്നാല്‍ എന്താണ്?

സേനയില്‍ ഒരു ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫീസറായി നിയമിക്കപ്പെടുക എന്നത് ആ ഓഫീസറുടെ നേതൃത്വ പാടവത്തിന് കിട്ടുന്ന അംഗീകാരമാണ്. നാലു മുതല്‍ ആറു വരെ കമ്പനി സൈനികരാണ് ഒരു ബറ്റാലിയനിലുള്ളത്. ഏകദേശം ആയിരത്തോളം സൈനികര്‍. അതുതന്നെയാണ് ആ പദവിയുടെ ഏറ്റവും വലിയ പ്രത്യേകതയും. ഒരു സൈനിക ബറ്റാലിയന്റെ ഹൃദയമായി അറിയപ്പെടുന്ന കമാണ്ടിംഗ് ഓഫീസര്‍ അഥവാ സി.ഒ പദവിയില്‍ വനിതാ ഓഫീസര്‍ എത്തുക എന്നാല്‍ അത്രയും സൈനികരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്ന നിര്‍ണ്ണായക പദവിയിലേക്ക് അവരെത്തുന്നു എന്നതാണ്. ഏതൊക്കെ കമാന്‍ഡിങ് യൂണിറ്റുകളിലായിരിക്കും വനിതാ ഉദ്യോഗസ്ഥര്‍ക്ക് നിയമനം ലഭിക്കുക എന്നത് നോക്കാം.

ആര്‍മി എയര്‍ ഡിഫന്‍സ്, സിഗ്നല്‍സ്, എഞ്ചിനീയേഴ്‌സ്, ആര്‍മി ഏവിയേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സ്, ആര്‍മി സെര്‍വീസ് കോര്‍,ഇന്റലിജന്‍സ് കോർ തുടങ്ങിയ യൂണിറ്റുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് കമാന്‍ഡിങ് ഓഫീസര്‍ പദവി ലഭിക്കും. ആര്‍ട്ടിലറി യൂണിറ്റുകളില്‍ വനിതകളെ നിയമിക്കാനും സൈന്യം അടുത്തിടെ തീരുമാനിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ഇസ്രയേല്‍ തുടങ്ങി നിരവധി ലോക രാജ്യങ്ങള്‍ വനിതാ ഓഫീസര്‍മാര്‍ക്ക് സേനയില്‍ കമാന്‍ഡിങ് ഓഫീസര്‍ പദവി നല്‍കുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് വൈകിയെങ്കിലും ഇന്ത്യയും ഇപ്പോള്‍ എത്തിയിരിക്കുന്നു.

Read More: '2037ഓടെ രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാകും, മോദിയുടെ കീഴില്‍‌ കുതിപ്പ്'

Follow Us:
Download App:
  • android
  • ios