ദില്ലി: പാര്‍ലമെന്‍റ്  മന്ദിരത്തിന് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി യുവതി. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ച് വരുന്നതിനെതിരെ അനു ദുബൈ എന്ന യുവതിയാണ് പാര്‍ലമെന്‍റിന് സമീപത്തുള്ള നടപ്പാതയില്‍ പ്ലാക്കാര്‍ഡുകളുമായി പ്രതിഷേധത്തിന് എത്തിയത്. 'എന്തുകൊണ്ടാണ് എനിക്ക് എന്റെ സ്വന്തം ഭാരതത്തിൽ സുരക്ഷിതത്വം അനുഭവിക്കാൻ കഴിയാത്തത്' എന്ന് പ്ലക്കാര്‍ഡില്‍ എഴുതിയാണ് യുവതി പ്രതിഷേധിച്ചത്.

തുടര്‍ന്ന് ജന്തര്‍ മന്ദറിലേക്ക് മാറണമെന്ന് യുവതിയോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും 'പറ്റില്ല' എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് യുവതിയെ അറസ്റ്റ് ചെയ്ത് മാറ്റി. ഇതിന് ശേഷം യുവതിയുടെ പ്രശ്നങ്ങള്‍ കേട്ട ശേഷം സ്റ്റേഷനില്‍ നിന്ന് വിട്ടയ്ക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ സര്‍ക്കാര്‍ അധികൃതരെ കാണണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. എന്നാല്‍, യുവതിയെ പൊലീസ് മര്‍ദിച്ചെന്നുള്ള ആരോപണവുമായി ദില്ലി വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാമി മാലിവാള്‍ രംഗത്ത് വന്നു. ഹൈദരാബാദില്‍ വനിത വെറ്റിനറി ഡോക്ടറുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ പ്രതിഷേധമുയരുമ്പോള്‍ ആണ് അനുവും ശബ്‍ദമുയര്‍ത്തിയത്.

പക്ഷേ, പൊലീസ് അവളെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തി അനുവിനെ കണ്ടിരുന്നു. ഭയപ്പെട്ട നിലയിലായിരുന്നു അവള്‍. നീതിക്ക് വേണ്ടി ശബ്‍ദമുയര്‍ത്തുവര്‍ക്കുള്ള വിധിയാണോ ഇത്? ഈ പൊലീസ് നടപടിക്കെതിരെ നോട്ടീസ് അയക്കുമെന്നും സ്വാതി പറഞ്ഞു.