ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നത് സംസ്ഥാനത്ത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് മമത പറഞ്ഞു. 

കൊല്‍ക്കത്ത: താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ പശ്ചിമ ബംഗാളില്‍ ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നത് സംസ്ഥാനത്ത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് മമത പറഞ്ഞു. മാള്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി.

നിങ്ങള്‍ കലാപം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യാം. എന്നാല്‍ നിങ്ങള്‍ക്ക് മമതയെ തോല്‍പ്പിക്കാനാവില്ല. കാരണം അവര്‍ ഒറ്റയ്ക്കല്ല, ജനങ്ങളുടെ പിന്തുണയുണ്ട്. ഞാന്‍ ജീവിച്ചിരിക്കുന്ന കാലം ബിജെപിയെ ഇവിടെ അനുവദിക്കില്ലെന്നും മമത് പറഞ്ഞു.

താനൊരു ദുര്‍ബലയാണെന്ന് നിങ്ങള്‍ കരുതേണ്ട, അങ്ങനെ ഭയപ്പെടുന്ന ആളല്ല. അവസാനം വരെ തല ഉയര്‍ത്തിപ്പിടിച്ച് ഒരു റോയല്‍ ബംഗാള്‍ കടുവയെ പോലെ ജീവിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ നിന്നുള്ളവരെ ബംഗാള്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ബംഗാള്‍ ഭരിക്കുമെന്നും മമത പറഞ്ഞു.