Asianet News MalayalamAsianet News Malayalam

'അംഗീകരിക്കാനാകില്ല': മുസ്ലിംകള്‍ക്കെതിരെ ബിജെപി എംഎല്‍എ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി

വര്‍ഗ്ഗീയ പരാമര്‍ശത്തില്‍ എംഎല്‍എയോട് ബിജെപി വിശദീകരണം തേടി. ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഇതിനോട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രതികരിച്ചത്.

wont tolerate bjp chief on up mla's controversial speech over Muslim vegetable sellers
Author
Delhi, First Published Apr 29, 2020, 11:52 AM IST

ദില്ലി: മുസ്ലീം വ്യാപാരികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്കെതിരെ പാര്‍ട്ടി. മുസ്ലിം വ്യാപാരികളില്‍ നിന്ന് ആരും പച്ചക്കറികള്‍ വാങ്ങരുതെന്നായിരുന്നു എംഎല്‍എ സുരേഷ് തിവാരിയുടെ വാക്കുകള്‍. ഇതിനെതിര വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വിവാദ പരാമര്‍ശത്തില്‍ എംഎല്‍എയോട് ബിജെപി വിശദീകരണം തേടി. 

ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഇതിനോട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രതികരിച്ചത്. സംഭവം ബിജെപി അന്വേഷിക്കും. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാ നേതാക്കളും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഡിയോറിയയിലെ ഭര്‍ഹാജ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേഷ് തിവാരി. 'ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ എല്ലാവരോടുമായാണ് ഞാനിത് പറയുന്നത്. മുസ്ലിം വ്യാപാരികളില്‍ നിന്ന് ആരും പച്ചക്കറികള്‍ വാങ്ങരുത്'- എന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് തിവാരി ആവശ്യപ്പെട്ടത്. സാധാരണക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ള ആളുകളോടാണ് സുരേഷ് തിവാരി വര്‍ഗീയച്ചുവയുള്ള പരാമര്‍ശം നടത്തിയത്. 

പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി സുരേഷ് തിവാരി തന്നെ രംഗത്തെത്തിയിരുന്നു. 'കഴിഞ്ഞ ആഴ്ച മുന്‍സിപ്പല്‍ ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പരാമര്‍ശമാണിത്. കൊറോണവൈറസ് വ്യാപിപ്പിക്കാനായി പച്ചക്കറികളില്‍ വ്യാപാരികള്‍ തുപ്പുന്നുവെന്ന് ആളുകള്‍ പരാതിപ്പെട്ടതോടെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്' എന്നും സുരേഷ് തിവാരി ദി ഇന്ത്യന്‍ എക്പ്രസിനോട് പ്രതികരിച്ചിരുന്നു. സാഹചര്യങ്ങള്‍ മാറുമ്പോള്‍ എന്ത് വാങ്ങണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും തിവാരി പറയുന്നു. 

താന്‍ ഒരു അഭിപ്രായപ്രകടനം നടത്തുക മാത്രമായിരുന്നുവെന്നും തിവാരി അവകാശപ്പെടുന്നു. തന്‍റെ അഭിപ്രായം ആളുകള്‍ പിന്തുടരുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദേഹം വ്യക്തമാക്കി. തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ ചെയ്തതെന്താണെന്ന് ദില്ലിയില്‍ നിങ്ങള്‍ കണ്ടതല്ലേയെന്ന് തിവാരി ചോദിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios