മുൻവശത്തെ ഗ്ലാസ് തകർത്ത് കടയിൽ കയറി വിലകൂടിയ 85 ഫോണുകൾ എടുത്ത് സ്ഥലം വിടുകയായിരുന്നു.
ബംഗളുരു: അർദ്ധരാത്രി നഗ്നനായി മൊബൈൽ ഷോപ്പിലെത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു. ദിവസങ്ങൾക്ക് മുമ്പ് ബംഗളുരുവിലെ ബൊമ്മനഹള്ളിയിലായിരുന്നു സംഭവം. 85 മൊബൈൽ ഫോണുകളാണ് കടയിൽ നിന്ന് കവർന്നത്. കൈയിൽ ടോർച്ചുമായി മാസ്ക് ധരിച്ച് എത്തിയ കള്ളൻ പക്ഷേ പൂർണ നഗ്നനായിരുന്നെന്ന് മാത്രം.
പുലർച്ചെ 1.30നാണ് യുവാവ് കടയിലെത്തുന്നത്. കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുമുണ്ട്. കടയുടെ മുൻവശത്തു സ്ഥാപിച്ചിരുന്ന ഗ്ലാസ് ഡോർ തകർത്ത് അകത്ത് കടന്ന ഇയാൾ പെട്ടെന്ന് തന്നെ വിലയേറിയ സ്മാർട്ട് ഫോണുകൾ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ഗ്ലാസ് തകർക്കുന്നതിന് മുമ്പ് കടയുടെ തകർന്നിരുന്ന ഭിത്തിയുടെ വശത്ത് കൂടിയാണ് ഇയാൾ അകത്ത് കടന്നതെന്ന് പൊലീസ് സംശയിച്ചു.
വിശദമായ അന്വേഷണത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി പിടിയിലായി. ഇയാളെ ചോദ്യം ചെയ്യുകയാണ്. എന്നാൽ പതിവ് മോഷണ രീതികളിൽ നിന്ന് വിഭിന്നമായി നഗ്നനായി കടയിൽ കയറി മോഷണം നടത്തിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയാണ് പൊലീസ്. ആളെ തിരിച്ചറിയാതിരിക്കുമെന്ന് കരുതിയാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


