'എന്‍റെ ചെറുപ്പകാലം മുതല്‍ കശ്മീരിലെ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ കാണുന്നുണ്ട്. എന്‍റെ അച്ഛനും അമ്മയും കുട്ടികളായിരുന്നപ്പോഴും കശ്മീരില്‍ ഇതായിരുന്നു അവസ്ഥ. എന്‍റെ മുത്തശ്ശന്‍റെ കാലഘട്ടത്തിലും ഇങ്ങനെ തന്നെയായിരുന്നു'
ദില്ലി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ പ്രതികരണവുമായി മലാല യൂസഫ്സായി. കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യമോര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്ന് മലാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് മലാല ഇക്കാര്യം അറിയിച്ചത്.
'എന്‍റെ ചെറുപ്പകാലം മുതല്‍ കശ്മീരിലെ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ കാണുന്നുണ്ട്. എന്‍റെ അച്ഛനും അമ്മയും കുട്ടികളായിരുന്നപ്പോഴും കശ്മീരില്‍ ഇതായിരുന്നു അവസ്ഥ. എന്‍റെ മുത്തശ്ശന്‍റെ കാലഘട്ടത്തിലും ഇങ്ങനെ തന്നെയായിരുന്നു. കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. അവരാണ് അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നതും പ്രയാസമനുഭവിക്കുന്നതും'- മലാല ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത്. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്ന ജമ്മു കശ്മീര്‍ വിഭജന ബില്ലും ലോക്സഭ പാസാക്കി. ഇതോടെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരും.
