Asianet News MalayalamAsianet News Malayalam

ഗുസ്തി താരങ്ങളുടെ പാർലമെന്റ് മാർച്ച് ദില്ലി പൊലീസ് തടഞ്ഞു; ബജ്റംഗ് പൂനിയ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു

എന്ത് വില കൊടുത്തും മഹിളാ സമാൻ ഖാപ് പഞ്ചായത്ത് നടത്തുമെന്ന് രാവിലെ താരങ്ങൾ വ്യക്തമാക്കിയിരുന്നു

Wrestlers march to Parliament demanding arrest of Brij Bhushan kgn
Author
First Published May 28, 2023, 11:43 AM IST

ദില്ലി: ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിച്ചു. ബജ്റംഗ് പൂനിയയെ ഒറ്റയ്ക്കാക്കി പത്തോളം പൊലീസുകാർ വളഞ്ഞ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡിൽ കൂടി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസിന്റെ ശ്രമം താരങ്ങൾ ശക്തമായി തടഞ്ഞു. എങ്കിലും ഒടുവിൽ പൊലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്തു.

ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിലേക്കാണ് മാർച്ച് നിശ്ചയിച്ചിരുന്നത്. ഇന്ന് പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങൾ തെരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി എത്തിയവരെ ദില്ലി അതിർത്തികളിൽ പൊലീസ് തടഞ്ഞിരുന്നു. സമരം നടന്ന സ്ഥലത്ത് പിന്തുണയുമായി എത്തിയവരെ മാർച്ച് തുടങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.

എന്ത് വില കൊടുത്തും മഹിളാ സമാൻ ഖാപ് പഞ്ചായത്ത് നടത്തുമെന്ന് രാവിലെ താരങ്ങൾ വ്യക്തമാക്കിയിരുന്നു. പൊലീസ് നിഷ്ക്രിയമാണെന്നും നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയാണ് സമരം. രാവിലെ മുതൽ ദില്ലി നഗരത്തിൽ കനത്ത പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് സമരം മുന്നോട്ട് പോയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ചാടിക്കടന്നാണ് ഗുസ്തി താരങ്ങൾ മുന്നോട്ട് പോയത്. വലിയ പൊലീസ് നിര ഇവരെ തടയാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും മറികടന്ന് താരങ്ങൾ ദേശീയ പതാകയുമേന്തി പാർലമെന്റിലേക്ക് മാർച്ച് ചെയ്യുകയാണ്. ദില്ലിയിൽ ഈ മേഖലയിൽ വലിയ സംഘർഷാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

സമരം മുന്നോട്ട് പോകാതിരിക്കാൻ റോഡിൽ മൂന്നിടത്തായി ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ആദ്യത്തെ രണ്ട് ബാരിക്കേഡുകളും മറികടന്ന താരങ്ങൾ മൂന്നാമത്തെ ബാരിക്കേഡിന് അടുത്തേക്ക് എത്തിയപ്പോഴേക്കും സമരക്കാരെ പൊലീസ് വളഞ്ഞു. പിന്നാലെ സാക്ഷി മാലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സാക്ഷി മാലിക്കിനെ കൈയ്യേറ്റം ചെയ്യുന്ന സ്ഥിതിയുണ്ടായി. ബ്രിജ് ഭൂഷണൻ്റെ വസതിക്ക് മുന്നിലും വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയത്. പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞതിന്റെ തൊട്ടടുത്താണ് ഈ വീട്. അതിനാലാണ് ഇവിടെ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ ദില്ലി പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മീഷണർ സമരക്കാരുമായി സംസാരിക്കാനായി ഇവിടെ എത്തിയിരുന്നു. എന്നാൽ താരങ്ങളെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ല.

Follow Us:
Download App:
  • android
  • ios