Asianet News MalayalamAsianet News Malayalam

ഗുസ്തിതാരങ്ങളുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക്,ഐക്യദാർഢ്യവുമായി ഖാപ് പഞ്ചായത്ത് നേതാക്കൾ ജന്തർമന്തറിലേക്ക്

കർഷക സംഘടനകളും ഇന്ന് ജന്തർ മന്തറിലെത്തും. പരാതി നൽകിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല. വൈകിട്ട് 7 മണിക്ക് ജന്തർ മന്തറിൽ മെഴുകുതിരി പ്രതിഷേധം നടത്തും

 wrestlers strike enters fifteenth day
Author
First Published May 7, 2023, 8:39 AM IST

ദില്ലി:ഗുസ്തി താരങ്ങളുടെ പ്രതിഷേധം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിയാനയിലെയും ദില്ലിയിലെയും ഖാപ്പ് പഞ്ചായത്ത് അംഗങ്ങളും, കർഷക സംഘടനകളും ഇന്ന് ജന്തർ മന്തറിലെത്തും. പരാതി നൽകിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല. വൈകിട്ട് 7 മണിക്ക് ജന്തർ മന്തറിൽ മെഴുകുതിരി പ്രതിഷേധം നടത്തുമെന്ന്  വിനേശ് ഫോഗട്ട് അടക്കമുള്ള താരങ്ങൾ വ്യക്തമാക്കി. ദില്ലി പോലീസ് സുരക്ഷ കൂട്ടി.ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യം അറിയിച്ച്     ഖാപ് പഞ്ചായത്ത് നേതാക്കൾ ജന്തർ മന്തറിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടിയത്. ദില്ലിയുടെ അതിർത്തികളിൽ  കൂടുതൽ പോലീസുകാരെ വിന്യസിച്ചു. ഉത്തർപ്രദേശ് ഹരിയാന രാജസ്ഥാൻ എന്നിവിടങ്ങളിലെ ഖാപ് നേതാക്കളാണ് സമരവേദിയിലേക്ക് എത്തുന്നത്.

ഗുസ്തി  ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ നടപടികള്‍ തുടങ്ങിയെങ്കിലും ഏറെ കരുതലോടെയാകും ബിജെപിയുടെ നീക്കം. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ബ്രിജ് ഭൂഷണെ തൊടാന്‍ വൈകിയതിന്‍റെ കാരണവും മറ്റൊന്നല്ല. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവാദം പരമാവധി  ആളിക്കത്തിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ  നീക്കം.

അയോധ്യയടക്കം ഉള്‍പ്പെടുന്ന കൈസര്‍ ഗഞ്ച് മേഖലിയിലെ ബിജെപിയുടെ ശക്തിയാണ് ബ്രിജ് ഭൂഷണ്‍. ബാബറി മസ്ജുിദ് പൊളിച്ച കേസില്‍ അറസ്റ്റിലായ ഭൂഷണെതിരെ കൊലപാതക ശ്രമമടക്കം നിരവധി കേസുകളുമുണ്ട്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ബ്രിജ് ഭൂഷണെതിരെ ഉയര്‍ന്നിരുന്നു. രാഷ്ട്രീയത്തിലൂടെ ഗുസ്തി ഫെഡറേഷന്‍റെ തലപ്പെത്തെത്തി.വനിത കായിക താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപം ഭൂഷണെതിരെ നേരത്തെയും ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ ബലം കൂടിയുള്ള ഭൂഷണെതിരെ പരാതിപ്പെടാന്‍  ആരും ധൈര്യപ്പെട്ടതുമില്ല. വനിതാ താരങ്ങളുടെ പരാതിയില്‍ നടപടികള്‍ പരമാവധി വൈകിപ്പിച്ച്  മനസില്ലാ മനസോടെ പോലീസ് കേസെടുത്തത് ഭൂഷണന്‍റെ സ്വാധീനത്തിന്‍റെ തെളിവാണ്.

ലോക് സഭ തെരഞ്ഞെടുപ്പ്  അടുത്ത് വരുമ്പോള്‍ ഉത്തര്‍പ്രദേശിലെ പ്രധാന നേതാവിനെ പിണക്കാന്‍ ബിജെപി നേതൃത്വത്തിനും താല്‍പര്യമില്ല. ലഖിംപൂര്‍ ഖേരി കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ സംരക്ഷിച്ചതിന് സമാനമായി ബ്രിജ് ഭൂഷണും കവചമൊരുക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിവാദം ഏറ്റെടുത്തതും, കായിക താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചതും തിരിച്ചടിയായി. അതേ സമയം കോണ്‍ഗ്രസ്, ആംആ്ദമിപാര്‍ട്ടി, ഇടത് കക്ഷികളടക്കം  വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിഷയം ആയുധമാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ബേട്ടി ബച്ചാവോയെന്ന സര്‍ക്കാര്‍ മുദ്രാവാക്യത്തെ ചോദ്യം ചെയ്താണ് വിവാദം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios