ഹൈദരാബാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കാന്‍ കര്‍ശന നടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. എന്നാൽ, ഇപ്പോഴും നിർദ്ദേശങ്ങൾ പാലിക്കാതെ നിരത്തുകളിൽ ഇറങ്ങുന്നവർ ധാരാളമാണ്.  ലോക്ക് ഡൗൺ ലംഘിക്കുന്നവരെ പലതരം ശിക്ഷകളിലൂടെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിന്റെ വാർത്തകൾ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

ഇപ്പോഴിതാ കൊറോണ വൈറസിന്റെ ഭീകരതയെന്താണെന്ന് ജനങ്ങളെ പറഞ്ഞ് മനസിലാക്കാന്‍ വളരെ വ്യത്യസ്തമായ ശ്രമവുമായി എത്തിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ കസിബുഗ്ഗ പൊലീസ്. മരണത്തിന്റെ ദേവനായ യമരാജന്റേയും നീതിയുടെ ദേവനായ ചിത്രഗുപ്തന്റേയും വേഷത്തില്‍ ആളുകളെ ബോധവത്കരിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. 

യമരാജന്റേയും ചിത്രഗുപ്തന്റേയും വേഷം ധരിച്ച രണ്ട് കലാകാരന്‍മാര്‍ ഒരു വണ്ടിയില്‍ നഗരത്തിലൂടെ സഞ്ചരിച്ചാണ് ബോധവത്കരണം നടത്തുന്നത്. കസിബുഗ്ഗ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ റാവുവാണ് ഈ വ്യത്യസ്ഥമായ 
ബോധവത്ക്കരണത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.