സർക്കാരിനെ താഴെ വീഴ്ത്തി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തയ്യാറല്ല. 105 എംഎൽഎമാരുടെ പിന്തുണയിൽ എന്ത് ചെയ്യാനാകും എന്നാണ് ബിജെപി ആലോചിക്കുന്നത്. 

ദില്ലി: കര്‍ണാടക പ്രതിസന്ധിയില്‍ നയം വ്യക്തമാക്കി ബിജെപി. ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ബി എസ് യെദ്യൂരപ്പ അറിയിച്ചു. 105 എം എൽ എമാരുടെ പിന്തുണയിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ജൂലൈ 12ന് ശേഷം തീരുമാനിക്കുമെന്നും ബി എസ് യെദ്യൂരപ്പ പറഞ്ഞു. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ നിന്നും പതിനാല് എംഎല്‍എമാരാണ് രാജി പ്രഖ്യാപിച്ചത്. സഖ്യസര്‍ക്കാരിന്‍റെ പതനം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുമ്പോഴും ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല. 

രാജിവച്ച എംഎല്‍എമാരുമായി കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാവരുടേയും ആവശ്യങ്ങള്‍ അംഗീകരിച്ച് വിട്ടുവീഴ്ച ചെയ്താല്‍ കൂടുതല്‍ എംഎല്‍എമാര്‍ രാജിനാടകവുമായി വരുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം കരുതുന്നു. രാജി പ്രഖ്യാപിച്ച 14 പേരില്‍ നാലോ അഞ്ചോ പേരെയെങ്കിലും തിരിച്ചെത്തിക്കുക എന്ന സാധ്യതയാണ് കോണ്‍ഗ്രസ് മുഖ്യമായും പരിശോധിക്കുന്നത്. എംഎല്‍എമാരുമായി സംസാരിച്ചു വരികയാണെന്നും കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേരത്തേ പറഞ്ഞിരുന്നു. അമേരിക്കയിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് വൈകിട്ടോടെ ബെംഗളൂരുവില്‍ തരിച്ചെത്തും. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കുമാരസ്വാമിയുടെ നിലപാട് നിര്‍ണ്ണായകമാകും.