ബംഗലുരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയതായി യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. വിമത എംഎല്‍എമാരുടെ ശബ്ദമാണ് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കി ബിജെപി സര്‍ക്കാര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് അധികാരത്തിലേറാന്‍ കാരണമായത്. അതിനാല്‍ തെരഞ്ഞടുപ്പില്‍ ബിജെപി സീറ്റില്‍ മത്സരിക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പ്രഥമ പരിഗണന അവര്‍ക്ക് നല്‍കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.  

എന്നാല്‍ ബിജെപി തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പ് ഉയരുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ ഒഴിവാക്കി അയോഗ്യത കല്‍പ്പിക്കപ്പെട്ട വിമതര്‍ക്ക് സീറ്റു നല്‍കുന്നതിനെതിരെയാണ് എതിര്‍പ്പ് ഉയരുന്നത്. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ അവരുടെ വഴി നോക്കിപ്പോകണമെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി എംഎല്‍എ ഉമേഷ് കട്ടി വ്യക്തമാക്കിയിരുന്നു.  

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ മത്സരിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയല്ലെന്നും 2018 ലെ തെരഞ്ഞെടുപ്പില്‍ ആ മണ്ഡലങ്ങളില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് തോറ്റവര്‍ക്ക് സംസ്ഥാനം ഭരിക്കുന്ന ബോര്‍ഡ്- കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ അവസരം നല്‍കുമെന്നുമാണ് യെദ്യൂരപ്പ വ്യക്തമാക്കുന്നത്. കര്‍ണാടകയിലെ 15 നിയമസഭാമണ്ഡലങ്ങളില്‍ അടുത്ത ഡിസംബറിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.