നേരത്തെ ശ്രീരാമന്റെ ജന്മദേശമായ അയോധ്യ നേപ്പാളിലായിരുന്നെന്നും ശ്രീരാമന്‍ നേപ്പാളിയായിരുന്നെന്നും ഒലി അവകാശപ്പെട്ടിരുന്നു.

കാഠ്മണ്ഡു: യോഗയുടെ ജന്മസ്ഥലം ഇന്ത്യയല്ലെന്നും നേപ്പാളാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. 'യോഗ ഉണ്ടായത് നേപ്പാളിലാണ്. ഇന്ത്യയിലല്ല. യോഗ നിലവില്‍ വന്നപ്പോള്‍ ഇന്നത്തെ ഇന്ത്യ നിലവിലുണ്ടായിരുന്നില്ല. ഇത് പല ഘടകങ്ങളായി വിഭജിക്കപ്പെട്ടു'-ഒലി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ ബാലുവട്ടാറിലെ വസതിയില്‍ നിന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ പോലെയല്ല പണ്ടുകാലത്ത് ഇന്ത്യയുടെ അസ്ഥിത്വം. പണ്ടുകാലത്ത് ഒരു ഭൂഖണ്ഡം പോലെയോ ഉപഭൂഖണ്ഡം പോലെയോ ആയിരുന്നു ഇന്ത്യ. പിന്നീട് നിരവധി ഘടകങ്ങളായി വിഭജിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ലോകം യോഗദിനം വിപുലമായി ആചരിച്ചതിന്റെ തൊട്ടുപിന്നാലെയാണ് വിവാദ പ്രസ്താവനയുമായി ഒലി എത്തിയത്.

നേരത്തെ ശ്രീരാമന്റെ ജന്മദേശമായ അയോധ്യ നേപ്പാളിലായിരുന്നെന്നും ശ്രീരാമന്‍ നേപ്പാളിയായിരുന്നെന്നും ഒലി അവകാശപ്പെട്ടിരുന്നു. വെസ്റ്റ് ബിര്‍ഗുഞ്ചിലെ തോറിയിലാണ് യഥാര്‍ത്ഥ അയോധ്യയെന്നായിരുന്നു ഒലിയുടെ അവകാശവാദം. വ്യാജ അയോധ്യ സൃഷ്ടിച്ച് ഇന്ത്യ സാംസ്‌കാരികമായി അധിനിവേശം നടത്തുകയാണെന്നും ഒലി കുറ്റപ്പെടുത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona