ദില്ലി: ദില്ലി കലാപം കേസില്‍ പൊലീസ് അന്വേഷണത്തിന് പിന്നിലാണ് ഗൂഡാലോചനയെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്. അമിത് ഷാ തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്ന് യോഗേന്ദ്ര യാദവ് ആരോപിച്ചു. ഗോലി മാരോ എന്ന് മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസില്ല. ഗാന്ധിയെ പിന്തുടരുന്ന, ഭരണഘടനയിൽ വിശ്വസിക്കുന്നവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് യോഗേന്ദ്ര യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ദില്ലി കലാപവുമായി ബന്ധപ്പെട്ട് ജെഎൻയു മുൻ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപത്തിൽ പങ്കുണ്ടെന്ന് കാട്ടി ദില്ലി  പൊലീസിന സ്പെഷ്യൽ സെല്ലാണ് ഉമറിനെ അറസ്റ്റ് ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് കേസ്.. ഈ വർഷം ഫെബ്രുവരി മാസമുണ്ടായ കലാപത്തിന് പിന്നിൽ ഉമർ പ്രേരണാ ശക്തിയായി പ്രവർത്തിച്ചുവെന്നാണ് പൊലീസ് ആരോപണം. കലാപത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തവരിൽ പ്രമുഖനാണ് ഉമർ ഖാലിദെന്നും പൊലീസ് പറയുന്നു.

കലാപവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി പൊലീസ് ഉമറിനെ വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ച നടന്ന മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും, ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.