മുംബൈ: ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം മുഗളന്മാരും ബ്രിട്ടീഷുകാരുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളന്മാരുടെ വരവിന് മുമ്പ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു. ഇതിന് ശേഷം ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടപ്പോഴേക്കും അതിന്‍റെ നിഴലിലേക്ക് മാത്രം ഇന്ത്യ ഒതുങ്ങിപോയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

മുംബൈയില്‍ വേള്‍ഡ് ഹിന്ദു ഇക്കോണമി ഫോറത്തിലായിരുന്നു യോഗിയുടെ പ്രസംഗം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന സമയത്താണ് മുഗളന്മാര്‍ ഇന്ത്യ ആക്രമിച്ചത്. മുഗളന്മാര്‍ വരുമ്പോള്‍ ലോക സമ്പത്തിന്‍റെ മൂന്നില്‍ ഒന്നിലേറെയും ഇന്ത്യയിലായിരുന്നു.

മുഗളന്മാരുടെ കാലത്ത് ലോക സമ്പത്തില്‍ 36 ശതമാനത്തന്‍റെയും അവകാശികള്‍ ഇന്ത്യയായിരുന്നു. ഇതിന് ശേഷം ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ അത് 20 ശതമാനമായി കുറഞ്ഞു. അവരുടെ 200 വര്‍ഷത്തെ ഭരണത്തിന് ശേഷം പോകുമ്പോള്‍ വെറും നാല് ശതമാനമായി  അത് മാറിയെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.