ലഖ്നൗ: പൗരത്വ നിയമ ഭേദഗതി സമരക്കാര്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. കഴിഞ്ഞ ഡിസംബറില്‍ സിഎഎ വിരുദ്ധ സമരത്തിനിടെയുണ്ടായ മരണങ്ങളെക്കുറിച്ചുള്ള പ്രസ്താവനയാണ് വിവാദമായത്. 'ചിലര്‍ മരിക്കാനുള്ള ഉദ്ദേശ്യത്തോടെ വന്നാല്‍ പിന്നെങ്ങനെയാണ് അവര്‍ ജീവനോടെയിരിക്കുക'-എന്നായിരുന്നു സഭയില്‍ ആദിത്യനാഥിന്‍റെ പ്രസ്താവന. 

പൊലീസ് ബുള്ളറ്റ് കൊണ്ട് ആരും മരിച്ചിട്ടില്ല. മരിച്ചവരെല്ലാം കലാപകാരികളുടെ വെടിയേറ്റാണ് മരിച്ചത്. ഒരാള്‍ ആളുകളെ വെടിവെക്കണമെന്ന് ഉദ്ദേശ്യത്തോടെ തെരുവിലേക്ക് പോയാല്‍ ഒന്നുകില്‍ അയാള്‍ മരിക്കും അല്ലെങ്കില്‍ പൊലീസുകാരന്‍ മരിക്കും-യോഗി ആദിത്യനാഥ് പറഞ്ഞു. ആസാദി മുദ്രാവാക്യങ്ങള്‍ ഉയരുകയാണ്. ഗാന്ധിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാണോ ജിന്നയുടെ സ്വപ്നം യാഥ്യാര്‍ത്ഥ്യമാക്കാനാണോ നാം ശ്രമിക്കേണ്ടത്?. ഡിസംബറിലെ കലാപത്തിന് ശേഷം പൊലീസ് നടപടികളെ പ്രശംസിക്കണം. അതിന് ശേഷം സംസ്ഥാനത്ത് ഒരുകാലപവും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ യോഗി രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചു. പൊലീസ് നടപടിയെ തുടര്‍ന്ന് സംസ്ഥാനത്താരും സിഎഎ സമരത്തിനിടെ കൊല്ലപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

അതേസമയം, സിഎഎ വിരുദ്ധ സമരത്തിനിടെ സംസ്ഥാനത്ത് 22 പേര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. കലാപത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനുമായി 883 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 561 പേര്‍ക്ക് ജാമ്യം നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.എന്നാല്‍, പൊലീസ് വെടിവെപ്പിലാണ് ആളുകള്‍ മരിച്ചതെന്നാണ് പ്രതിഷേധക്കാരുടെ വാദം. സമരക്കാര്‍ക്കു നേരെ പൊലീസ് കടുത്ത നടപടികള്‍ സ്വീകരിച്ചെന്നും വീടുകളില്‍ കയറിവരെ ആക്രമണം നടത്തിയെന്നും സമരക്കാര്‍ ആരോപിച്ചിരുന്നു.