ലക്നൗ: രാജ്യത്തെ മലിനീകരണ തോത് ഏറിയ 10 നഗരങ്ങളുടെ പട്ടികയില്‍പെടുമ്പോഴും ലക്നൗവില്‍ 64,000 മരങ്ങള്‍ വെട്ടിമാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന ഡിഫന്‍സ് എക്സ്പോയ്ക്ക് വേണ്ടിയാണ് ഗോമതി നദീതീരത്തെ 63,799 മരങ്ങള്‍ മുറിക്കാന്‍ യോഗി സര്‍ക്കാര്‍ തയാറെടുക്കുന്നത്. മരങ്ങള്‍ മുറിച്ച് മാറ്റിയ ശേഷം സ്ഥലം ഹിന്ദുസ്ഥാന്‍ എയറോണോട്ടിക്സ് ലിമിറ്റഡിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ലക്നൗ വികസന അതോററ്റി അറിയിച്ചു.

എക്സ്പോയ്ക്ക് ശേഷം പുതിയ മരങ്ങള്‍ നടുമെന്നാണ് ലക്നൗ വികസന അതോററ്റിയുടെ അവകാശവാദം. കൂടാതെ, മുറിക്കുന്ന മരങ്ങള്‍ മറ്റൊരു സ്ഥലത്ത് നടുമെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതിനായി 59 ലക്ഷം രൂപ വേണമെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ലക്നൗ വികസന അതോററ്റി ആവശ്യപ്പെട്ടത്.

ഗോമതി തീരത്ത് പുതിയ മരങ്ങള്‍ നടണമെന്നും മറ്റൊരു സ്ഥലത്തേക്ക് മുറിച്ച് മാറ്റുന്ന മരങ്ങള്‍ മാറ്റണമെന്നും കോര്‍പ്പറേഷന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മുറിച്ച് മാറ്റുന്ന മരങ്ങള്‍ വീണ്ടും നട്ടാല്‍ അത് വളരാനുള്ള കാലാവസ്ഥയല്ല ഇപ്പോഴുള്ളതെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

അടുത്ത വര്‍ഷം ജനുവരി 15ന് മുമ്പായി സ്ഥലം ഹിന്ദുസ്ഥാന്‍ എയറോണോട്ടിക്സ് ലിമിറ്റഡിന് കൈമാറണം. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുന്ന ഡിഫന്‍സ് എക്സ്പോയ്ക്ക് ആദ്യമായാണ് ലക്നൗ വേദിയൊരുക്കുന്നത്. 2020 ഫെബ്രുവരി അഞ്ച് മുതല്‍ എട്ട് വരെയാണ് എക്സ്പോ നടക്കുന്നത്.