നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യോഗി ഗവര്‍ണറെ കണ്ട് സർക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു
ലഖ്നൗ: ഉത്തർപ്രദേശില്‍ ബിജെപി നിയമസഭ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദേശവും പിന്തുണയുമാണ് ചരിത്ര വിജയത്തിന് കാരണമെന്ന് യോഗി ആദിത്യനാഥ് യോഗത്തില്‍ പറഞ്ഞു.
നാളെ വൈകിട്ട് നാല് മണിക്ക് ലക്നൗവിലെ ഏക്ന സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 11 മുഖ്യമന്ത്രിമാരും അടങ്ങുന്ന വന്‍ നിര ചടങ്ങില്‍ പങ്കെടുക്കും. നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യോഗി ഗവര്‍ണറെ കണ്ട് സർക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.
യോഗിയെ നേരിടാനുറച്ച് അഖിലേഷ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്, എംപി സ്ഥാനം രാജിവെച്ചു
അതിനിടെ ഉത്തര്‍പ്രദേശില്‍ ബിജെപിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും നേരിടാനുറച്ച് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കര്‍ഹാലിലെ എംഎല്‍എ സ്ഥാനം നിലനിര്‍ത്താൻ തീരുമാനിച്ചു. അഖിലേഷ്, അസംഗഢിലെ എംപി സ്ഥാനം രാജി വെച്ചു. യുപിയിലെ പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുക്കാൻ വേണ്ടിയാണ് തീരുമാനം. 2024 ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ അഖിലേഷ് എംപി സ്ഥാനം നിലനിര്‍ത്തണോ എന്ന ആലോചനകള്‍ പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ അഖിലേഷ് സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും ഉചിതമെന്നാണ് സമാജ്‍വാദി പാര്‍ട്ടിയുടെ വിലയിരുത്തൽ ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം എംപി സ്ഥാനം രാജി വെച്ചത്.
യുപി തെരഞ്ഞെടുപ്പ് സമയത്ത് യോഗിക്കെതിരെ നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയാണ് അഖിലേഷ് ഒടുവില്‍ ജനവിധിക്ക് മുമ്പില്‍ പിന്‍വാങ്ങിയത്. യോഗി ഭരണത്തിനൊപ്പം മോദി സര്‍ക്കാരിനെയും കടന്നാക്രമിച്ചായിരുന്നു യുവ നേതാക്കളിൽ പ്രമുഖനായ അഖിലേഷിന്റെ പ്രചാരണം. യുപിയില്‍ യോഗിക്കും അതിലൂടെ ദില്ലിയില്‍ മോദി സര്‍ക്കാരിനും കടിഞ്ഞാണിടുകയെന്നാ തന്ത്രം ഫലത്തിലെത്തിയില്ലെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് അഖിലേഷ് എത്തുന്നതോടെ ബിജെപിക്ക് ഇനി വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും.
ഹിന്ദുത്വ തരംഗത്തിലാണ് അഖിലേഷിന് ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിൽ കാലിടറിയത്. വികസന വിഷയവും ഭരണവിരുദ്ധ വികാരവും ആളികത്തിക്കാൻ അഖിലേഷ് ശ്രമിച്ചെങ്കിലും എസ്പിയിലെ സംഘടനാ സംവിധാനവും തിരിച്ചടിയായി. രാമക്ഷേത്രനിര്‍മ്മാണവും ക്ഷേത്രവികസനവും ഇത്തവണയും ബിജെപിക്ക് വോട്ടായി. എന്നിരുന്നാലും ജാതി രാഷ്ട്രീയം ഗതി നിര്‍ണ്ണയിക്കുന്ന ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ ഉറച്ച കോട്ടകളിലും അടിത്തിറയിളക്കാനായത് അഖിലേഷിന് പിടിവള്ളിയാണ്. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായാൽ അഞ്ച് വർഷത്തിനപ്പുറം മുഖ്യമന്ത്രി കസേരയിലിരിക്കാമെന്നാണ് അഖിലേഷിന്റെ പ്രതീക്ഷ.
