ലഖ്‌നൗ: ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്‌റാസ് പെണ്‍കുട്ടിയുടെ കുടുംബവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓണ്‍ലൈന്‍ വഴി സംസാരിച്ചു. പെണ്‍കുട്ടിയുടെ അച്ഛനോടാണ് യോഗി സംസാരിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ നാല് പ്രതികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

'പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി അത് ഉറപ്പു നല്‍കി'-അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് കുമാര്‍ അശ്വതി മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. 

സെപ്റ്റംബര്‍ 14നാണ് ഹാഥ്‌റാസില്‍ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയായത്.  പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുക്കുകയും നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. ദില്ലിയിലെ ആശുപത്രിയില്‍വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ താല്‍പര്യം പോലും അവഗണിച്ച് പൊലീസ് ദഹിപ്പിച്ചതും വിവാദമായിരുന്നു. കേസിന്റെ തുടക്കത്തില്‍ തന്നെ കുടുംബം പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.