ലക്നൗ: ഭര്‍ത്താക്കന്മാര്‍ മുത്തലാഖ് പ്രകാരം ബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുത്തലാഖ് ഇരകള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇരകള്‍ക്ക് നീതി ലഭിക്കും വരെ ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിലൂടെ ബന്ധം വേര്‍പ്പെട്ട നിരവധി മുസ്ലിം യുവതികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

അതേസമയം യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതിനെതിരെ പലകോണുകളില്‍നിന്ന് വിമര്‍ശനമുണ്ടായി. ഭര്‍ത്താക്കന്മാരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലാക്കുന്നതോടെ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം യുവതികള്‍ക്ക് ലഭിക്കേണ്ട ജീവനാംശം ഇല്ലാതാക്കിയാണ് തുച്ഛമായ ധനസഹായം നല്‍കുന്നതെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി. ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് ബിജെപി സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ച് നിയമം പാസാക്കിയത്. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്ന വകുപ്പ് ഒഴിവാക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം തള്ളിയാണ് നിയമം പാസാക്കിയത്.