കാനഡയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ദില്ലി: കാനഡയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും പരസ്പരം ഹസ്തദാനം നൽകി അഭിവാദ്യം ചെയ്തു. കൂടിക്കാഴ്ച്ചക്കിടെ ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകുമെന്ന് നരേന്ദ്രമോദി ഇറ്റാലിയൻ പ്രധാനമന്ത്രിയോട് പറഞ്ഞു. ഹസ്തദാനം നൽകിക്കൊണ്ട് നിങ്ങളാണ് ഏറ്റവും മികച്ചതെന്നും, ഞാൻ നിങ്ങളെപ്പോലെയാകാൻ ശ്രമിക്കുകയാണെന്നും മെലോണി നരേന്ദ്ര മോദിയോട് പറഞ്ഞു. ഇരുവരും ഹസ്തദാനം ചെയ്യുന്ന ചിത്രം മെലോണി എക്സിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

Scroll to load tweet…

ഇന്ത്യയും ഇറ്റലിയും സൗഹൃദത്താൽ ചേ‍ർക്കപ്പെട്ടിരിക്കുന്നുവെന്നാണ് പോസ്റ്റിന് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. പിന്നീട് ജോർജിയ മെലോണി പങ്കുവച്ച എക്സ് പോസ്റ്റ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഷെയർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ജോർജിയ മെലോണി, നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകും, ഇത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നും എഴുതിയാണ് പ്രധാന മന്ത്രിയുടെ റീ പോസ്റ്റ്.

ദുബായിൽ നടന്ന COP28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും മെലോണിയും നേരത്തെ കണ്ടിരുന്നു. അന്ന് ഇരു നേതാക്കളും ഒരു സെൽഫി എടുത്തിരുന്നു. പിന്നീട് COP28 ൽ പങ്കെടുക്കുന്ന നല്ല സുഹൃത്തുക്കൾ, #Melodi" എന്ന തലക്കെട്ട് നൽകി മെലോണി ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

ഉച്ചകഴിഞ്ഞ്, ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി കാനഡയിലെ പോമെറോയ് കനനാസ്കിസ് മൗണ്ടൻ ലോഡ്ജിൽ എത്തി. ആൽബർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന G7 ഉച്ചകോടിയുടെ വേദിയിൽ എത്തിയ പ്രധാനമന്ത്രി മോദിയെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സ്വീകരിച്ചു.

ജി7 ഉച്ചകോടിയിൽ തുടർച്ചയായ ആറാമത്തെ വട്ടമാണ് ഇന്ത്യ പങ്കെടുക്കുന്നത്. എന്നാൽ ഒരു ദശാബ്ദത്തിനിടെ കാനഡയിലേക്കുള്ള പ്രധാന മന്ത്രിയപടെ ആദ്യ സന്ദർശനമാണിത്. കാൽഗറി വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഇന്ത്യയുടെ ആക്ടിംഗ് ഹൈക്കമ്മീഷണർ ചിൻമോയ് നായിക് ഉൾപ്പെടെ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.