ഗാന്ധിനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വാനോളം പുകഴ്ത്തി രാജ്യത്തെ ഏറ്റവും സമ്പന്നനായ ബിസിനസ് മാൻ മുകേഷ് അംബാനി. അമിത് ഷാ യഥാർത്ഥ കർമ്മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണെന്ന് റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ മുകേഷ് അംബാനി പറഞ്ഞു. അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിൽ പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർദാർ വല്ലഭായ് പട്ടേലിനെയാണ് ചരിത്രത്തിൽ ഉരുക്കു മനുഷ്യൻ എന്ന് വിളിക്കുന്നത്. എന്നാൽ ചടങ്ങിൽ അംബാനി പറഞ്ഞത് ഇങ്ങനെ- "അമിത് ഭായ്, നിങ്ങളൊരു യഥാർത്ഥ കർമ്മയോഗിയാണ്, രാജ്യത്തെ യഥാർത്ഥ ഉരുക്കുമനുഷ്യനാണ്. ഗുജറാത്തും ഇപ്പോൾ ഇന്ത്യയും നിങ്ങളെ പോലൊരു നേതാവിനെ ലഭിച്ച് അനുഗ്രഹീതരായിരിക്കുന്നു."

ഇന്ത്യയിപ്പോൾ സുരക്ഷിത കരങ്ങളിലാണെന്ന് അംബാനി പറഞ്ഞു. നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് മുന്നിലെ പ്രതിസന്ധികളിൽ തളരരുതെന്നും വലിയ സ്വപ്നങ്ങൾ കാണാൻ മടി കാണിക്കരുതെന്നും അംബാനി പറഞ്ഞു. ഇന്ത്യ നാളെ നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പൂർത്തീകരിക്കാനാവുന്ന അവസരങ്ങൾ ഒരുക്കിത്തരുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ ജിഡിപിയുള്ള രാജ്യമാക്കി വളർത്താനുള്ള നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ അംബാനി പിന്തുണച്ചു.