24 മണിക്കൂറിനുള്ളിലാണ് യുവ ദമ്പതികളുടെ ദാരുണാന്ത്യം സംഭവിച്ചത്

ദില്ലി: 25 വയസ്സുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനു പിന്നാലെ ഭാര്യ ദുഃഖം സഹിക്കാനാവാതെ ജീവനൊടുക്കി. 24 മണിക്കൂറിനുള്ളിലാണ് യുവ ദമ്പതികളുടെ ദാരുണാന്ത്യം സംഭവിച്ചത്. ഗാസിയാബാദിലാണ് സംഭവം നടന്നത്.

നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്. തിങ്കളാഴ്ച മൃഗശാല സന്ദർശിക്കാൻ ഇറങ്ങിയപ്പോള്‍ അവസാന യാത്രയാണ് അതെന്ന് ഇരുവരും അറിഞ്ഞിരുന്നില്ല. മൃഗശാലയില്‍ വെച്ച് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടനെ സുഹൃത്തുക്കളെ വിളിച്ച് അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചു. ആദ്യം ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്കും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്കും കൊണ്ടുപോയി. 

ആശുപത്രിയില്‍ വെച്ച് അഭിഷേക് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഗാസിയാബാദിലെ വൈശാലിയിലെ അപ്പാർട്ട്‌മെന്‍റിൽ രാത്രി ഒമ്പത് മണിയോടെ മൃതദേഹം എത്തിച്ചു. ഭർത്താവിന്‍റെ മരണം ഉള്‍ക്കൊള്ളാനാവാതെ അഞ്ജലി ഏഴാം നിലയിലെ ബാൽക്കണിയിലേക്ക് ഓടി. ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ ഉടനെ വൈശാലിയിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.

"മൃതദേഹം വീട്ടിലെത്തിച്ച ശേഷം അഞ്ജലി സമീപമിരുന്ന് കരഞ്ഞു. എന്നിട്ട് പെട്ടെന്ന് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് ഓടി. ഞാൻ അവളുടെ പിന്നാലെ ഓടി. പക്ഷേ ഞാനെത്തും മുന്‍പ് അവൾ ചാടിയിരുന്നു"- അഭിഷേകിന്‍റെ ബന്ധു ബബിത പറഞ്ഞു.

ഹൃദയാഘാതം മൂലം മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. ഗർബക്കിടയിലും വിവാഹാഘോഷത്തിനിടെയും ജിമ്മുകളിലും യുവാക്കൾ ഹൃദയാഘാതം ബാധിച്ച് കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങള്‍ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം