ഹാരിയാന: സർക്കാർ ജോലിക്കിടയിലെ വ്യക്തി സുരക്ഷയില്ലെന്ന് കാട്ടി യുവ ഐഎഎസ് ഉദ്യോഗസ്ഥ രാജിവച്ചു. 2014 ബാച്ചിലെ ഹരിയാന കേഡറിലെ ഉദ്യോഗസ്ഥയായ റാണി നഗറാണ് രാജി വച്ചത്. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് റാണി. ഹരിയാന ചീഫ് സെക്രട്ടറി കേശാനി ആനന്ദ് അറോറക്കാണ് റാണി നഗറ രാജി സമർപ്പിച്ചത്.

ജോലിക്കിടെ സുരക്ഷ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റാണി രാജി നൽകിയത്. സുരക്ഷ ഭീഷണി മൂലം ജോലിയിൽ തുടരാനാകില്ലെന്നും ഇവര്‍ രാജിക്കത്തില്‍ പറയുന്നു. രാജിക്കത്ത് റാണി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. തന്‍റെയും ഒപ്പമുള്ള സഹോദരിയുടേയും ജീവന് ഭീഷണിയുണ്ടെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ക്ക് അപകടം പറ്റിയാല്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റാണി പറയുന്നു. 

2018 ജൂണിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ഇവര്‍ പീഡന പരാതി നൽകിയിരുന്നു. എന്നാൽ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കാട്ടി തള്ളുകയായിരുന്നു. സംഭവത്തിൽ, ഹരിയാന സര്‍ക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്നും കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജെവാലെ പ്രതികരിച്ചു.

തന്‍റെ പരാതിയില്‍ കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് റാണി നിരന്തരം പരാതി ഉയന്നിയിച്ചിരുന്നു. ഇതിന് പിന്നാലെ യുവ ഐഎഎസ് ഓഫീസറുടെ രാജി കൂടിയായതോടെ ഹരിയാന സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.