ആഗ്ര: 60കാരിയും 22 വയസ്സുള്ള യുവാവുമായുള്ള പ്രണയത്തിൽ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശ് പൊലീസ്. ഉത്തർപ്രദേശിലെ ആഗ്രയിലെ പ്രകാശ് നഗറിലാണ് സംഭവം. സ്ത്രീയുടെ ഭർത്താവും മകനും പൊലീസ് സ്റ്റേഷനിലെക്കി യുവാവിനെതിരെ പരാതി നൽകാനെത്തിയതോടെയാണ് നാടകീയ സംഭവം പുറത്തു വരുന്നത്. ഈ സമയം യുവാവും കുടുംബസമേതം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഏഴ് കുട്ടികളുടെ അമ്മയും ഏഴ് കുട്ടികളുടെ അമ്മൂമ്മയുമാണ് സ്ത്രീ. 

ഇരുകൂട്ടരും തമ്മിൽ സ്റ്റേഷനിൽ വച്ച് സംഘര്‍ഷമുണ്ടായി. അവിടെ വച്ച് 60–കാരിയായ സ്ത്രീയും യുവാവും വിവാഹിതരാകാൻ താൽപര്യപ്പെടുന്നു എന്ന് പൊലീസിനെ അറിയിച്ചു. രണ്ടു പേരുടെയും വീട്ടുകാർ ഇതോടെ ഇവര്‍ക്കെതിരെ തിരഞ്ഞു. ഈ ബന്ധം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്. 

പൊലീസുകാരും കമിതാക്കളോട് നിങ്ങളുടെ മനസ്സ് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും അവർ വകവച്ചില്ല. എന്തായാലും താല്‍കാലികമായി ഇരുവരെയും കുടുംബങ്ങളോടൊപ്പം പറഞ്ഞുവിട്ടു. പ്രദേശത്തെ സമാധാനം നഷ്ടപ്പെടുത്തുന്നതിന് 22–കാരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.