ദില്ലി: ഇന്ത്യയിലുടനീളമുള്ള സ്ത്രീകളെ ഫോണ്‍ വിളിച്ചും വാട്സാപ്പില്‍ മെസ്സേജ് അയച്ചും ശല്യം ചെയ്തയാള്‍ പിടിയില്‍. മുംബൈ പൊലീസ് ഹരിയാനയില്‍ വച്ചാണ് വിജയ്കുമാര്‍ ഗുപ്തയെന്നയാളെ അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനാണ് ഗുപ്ത. 

35കാരനായ ഗുപ്ത രാജ്യത്തെ വിവിധയിടങ്ങളിലുള്ള സ്ത്രീകളുടെ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുകയും അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഈ സ്ത്രീകളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 

ഓഗസ്റ്റ് 30ന് ഒരു യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഗുപ്ത കുടുങ്ങിയത്. ജൂലൈ 29 മുതല്‍ ഒരാള്‍ തുടര്‍ച്ചയായി തന്നെ ഫോണിലൂടെ അശ്ലീലം പറയുന്നുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. ഇയാള്‍ വിവാഹിതനാണെന്നും ഈ ബന്ധത്തില്‍ കുട്ടികളുണ്ടെന്നും പൊലീസ് പറഞ്ഞു. 

അന്വേഷണത്തിനിടെ പൊലീസ് ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്തപ്പോഴാണ് ഇയാള്‍ ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയാണെന്ന് വ്യക്തമായത്. പൊലീസിന്‍റെ അന്വേഷണത്തില്‍ ആ മൊബൈല്‍ നമ്പറിന്‍റെ ഉടമയില്‍ നിന്ന് സിംകാര്‍ഡ് മോഷണം പോയതായി വ്യക്തമായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഗുപ്ത പിടിയിലാവുന്നത്. 

താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തുന്ന സ്ത്രീകളുടെ നമ്പറുകള്‍ കുറിച്ചുവയ്ക്കുകയും പിന്നീട് മോഷ്ടിച്ചെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ചെയ്യുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.