ദില്ലി: കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധവുമായി ദില്ലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ കര്‍ശനമായി നേരിടുന്ന പൊലീസിനെതിരെയുള്ള പ്രതിരോധത്തിന്‍റെ അടയാളമായി ഒരു യുവാവ്. അംബാലയില്‍ നിന്നുള്ള നവ്ദീപ് സിംഗ് എന്ന ബിരുദവിദ്യാര്‍ഥിയാണ് കര്‍ഷകരുടെ പ്രതിഷേത്തിന്‍റെ പ്രതീകമായത്. കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ  പൊലീസ് മര്‍ദ്ദനം വക വയ്ക്കാതെ യുവാവ് ചെയ്ത സാഹസമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 

ശക്തമായി വെള്ളം കര്‍ഷകര്‍ക്ക് നേരെ പമ്പ് ചെയ്യാന്‍ തുടങ്ങിയതോടെ ജലപീരങ്കിക്ക് മുകളില്‍ കയറി വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കിയാണ് യുവാവ് താരമായത്. പൊലീസുകാര്‍ യുവാവിനെ പിടികൂടാന്‍ ശ്രമിച്ചതോടെ ജലപീരങ്കിക്ക് മുകളില്‍ നിന്ന് സമീപത്തുണ്ടായിരുന്ന ട്രാക്ടറിലേക്ക് ചാടിയാണ് യുവാവ് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ഇതിനോടകം ട്വിറ്റര്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകസംഘടനകളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. കൊടും തണുപ്പായതിനാൽ ഭക്ഷണപദാർത്ഥങ്ങളും തീകായാനുള്ള വസ്തുക്കളുമായാണ് കർഷകർ എത്തിയിരിക്കുന്നത്. ദില്ലിയിലേക്ക് കടക്കാൻ അനുവദിച്ചില്ലെങ്കിൽ എവിടെയാണോ മാർച്ച് തടയുന്നത് അവിടെയിരുന്ന് പ്രതിഷേധിക്കുമെന്ന് കർഷകർ വ്യക്തമാക്കുന്നു. 

 

പഞ്ചാബിൽ നിന്നും കർണാടകയിൽ നിന്നും നൂറുകണക്കിന് കർഷകരാണ് പ്രതിഷേധവുമായി ദില്ലി അതിർത്തിയിലെത്തിയിരിക്കുന്നത്. അഞ്ച് ഹൈവേകളിലൂടെയായി ഹരിയാന അതിർത്തിയിലൂടെ ദില്ലിയിലേക്ക് പ്രവേശിച്ച് വൻറാലി നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം. 200 കർഷക യൂണിയനുകൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാലിൽ വച്ച് ഇന്നലെ ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നിട്ടും കർഷകർ പിൻമാറാൻ തയ്യാറായിരുന്നില്ല. 

പഞ്ചാബ് - ഹരിയാന അതിർത്തിയിൽ വലിയ ബാരിക്കേഡുകൾ വച്ച് മാർച്ച് തടഞ്ഞത് വലിയ സംഘർഷത്തിനാണ് വഴിവച്ചത്. ബാരിക്കേഡുകൾ ട്രാക്ടർ വച്ച് മാറ്റാൻ കർഷകർ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഹരിയാന, യുപി, ദില്ലി അതിർത്തി പ്രദേശങ്ങളിൽ സിആർപിഎഫിനെ അടക്കം നിയോഗിച്ചിട്ടുണ്ട്. 
പുതിയ കർഷകനിയമങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഡിസംബർ 3-ന് കർഷകസംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ മാസം സർക്കാർ ആദ്യഘട്ട ചർച്ച നടത്തിയത് പരാജയമായിരുന്നു. ഇതേത്തുടർന്നാണ് വൻ പ്രതിഷേധറാലിയ്ക്ക് കർഷകർ തയ്യാറെടുത്തത്.