ബറേലി: മധുവിധു സമയത്തെ സ്വകാര്യ നിമിഷങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും നീക്കം ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഫോണില്‍ ചിത്രീകരിച്ച സ്വകാര്യ വീഡിയോ നീക്കം ചെയ്യണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഭര്‍ത്താവ് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചെങ്കിലും യുവാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

2018 ഒക്ടോബറിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മധുവിധു സമയത്ത് ഭര്‍ത്താവ് ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചു. യുവതി തടഞ്ഞപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം യുവതി വീഡിയോ ഫോണില്‍ കണാനിടയായി. വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ മര്‍ദ്ദിക്കാന്‍ ആരംഭിച്ചതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോകുകയും യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.