ബെംഗളൂരു: ചരക്ക് ട്രെയിനിന് മുകളിൽ കയറി ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ  യുവാവിന് വൈദ്യുതാഘാതമേറ്റു. ബെംഗളൂരുവിലെ കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിലാണ് ഇരുപത്തിരണ്ടുകാരന് ഷോക്കേറ്റത്.

മൈസൂരുവിൽ നിന്നെത്തിയ ചരക്ക് ട്രെയിനിന് മുകളിൽ കയറി വീഡിയോ എടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന ഹൈടെൻഷൻ വൈദ്യുതിക്കമ്പിയിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ യുവാവ് താഴേക്ക് തെറിച്ചുവീണു. സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവേ ജീവനക്കാർ യുവാവിനെ ആശുപത്രിയിലെത്തിച്ചു.ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ മാണ്ഡ്യയിൽ കുളത്തിലിറങ്ങി ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ പതിനേഴുകാരി മുങ്ങിമരിച്ചിരുന്നു. തുടർന്ന് ടിക് ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു.