പുനെ: മഹാരാഷ്ട്രയിലെ സത്താറയില്‍ ബിജെപി എംപിയുടെ വീട്ടില്‍ നിന്ന് വിലപിടിച്ച തോക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. എംപിയായ ഉദയന്‍ രാജെ ഭൊസാലെയുടെ വീട്ടില്‍ നിന്നുമാണ് പുരാതനമായ തോക്ക് മോഷണം പോയത്. 

ഗ്രാമവാസിയായ ദീപക് സുത്താര്‍ എന്നയാളാണ് സംഭവത്തില്‍ പൊലീസ് പിടിയിലായിരിക്കുന്നത്. എംപിയുടെ വീട്ടില്‍ ഏതാനും ദിവസങ്ങള്‍ ജോലിക്ക് വന്നിരുന്ന ദീപക് നേരത്തേ തോക്ക് നോക്കിവയ്ക്കുകയും, പിന്നീട് മോഷ്ടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

വെള്ളിയില്‍ നിര്‍മ്മിതമായ പുരാതന തോക്കിന് ഏതാണ്ട് ഒന്നര ലക്ഷം രൂപയോളം വില വരുമത്രേ. ഈ തോക്ക് ഉപോഗിക്കാനാവില്ല, എന്നാല്‍ ഇതിന്റെ പഴക്കത്തിനാണ് ഇപ്പോള്‍ മൂല്യമുള്ളത്. മോഷ്ടിച്ച തോക്ക് പട്ടണത്തിലെ ജ്വല്ലറിയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നും പൊലീസ് അറിയിക്കുന്നു.

Also Read:- തോക്ക് ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാവ് വെടിയേറ്റ് മരിച്ചു...