നോയിഡ: തോക്ക് ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ അബദ്ധത്തില്‍ വെടി പൊട്ടി യുവാവ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരന്‍ സൗരഭ് മാവിയാണ് നെഞ്ചില്‍ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന ഇയാളുടെ സുഹ്യത്ത് നകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വര്‍ഷങ്ങളായി നകുല്‍ ശര്‍മ്മയും സൗരഭ് മാവിയും സുഹൃത്തുക്കളാണ്. ഇരുവരുടെയും സുഹൃത്തായ സച്ചിനെ കാണാന്‍ കാറില്‍ പോകുന്നതിനിടെയാണ് സംഭവം നടന്നത്. കാറില്‍ വച്ച് തോക്ക് നെഞ്ചിനോട് ചേർത്ത് വച്ച് സെൽഫിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൗരഭ്. 

ഇതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റ സൗരഭിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നകുല്‍ ശര്‍മ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സെന്‍ട്രല്‍ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു. 

തോക്കിനെക്കുറിച്ചും അതിന്റെ ഉടമയെക്കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.