വിദ്യ ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും.

ദില്ലി: യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി കേരളത്തിൽ നിന്ന് രമ്യ ഹരിദാസ് എം പിയെ നിയമിച്ചു. വിദ്യ ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെൽ ചെയർമാനായും തെരഞ്ഞെടുത്തു. 

രാഹുലിനെ ചോദ്യം ചെയ്യുന്ന ജൂൺ 13ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ കോൺഗ്രസ്

ദില്ലി: ജൂൺ 13ന് രാജ്യത്തെ മുഴുവൻ ഇഡി ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധിക്കാൻ കോൺഗ്രസ്. നാഷണൽ ഹെറാൾഡ് കേസിൽ (National Herald Case) ഇഡി രാഹുൽ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായി ഇഡി ഓഫീസുകൾക്ക് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിക്കാനാണ് നീക്കം, നേരത്തെ ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് രാഹുൽ എത്തുക പ്രതിഷേധ മാർച്ചോടെയാകും എന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങൾ, ലോക്സഭ, രാജ്യസഭ എംപിമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12ന് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇഡി നടപടിയെ രാഷ്ട്രീയപ്രേരിതം എന്ന പ്രചാരണത്തിലൂടെ നേരിടാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തിരുന്നു. ഇതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി. 2012ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതി നല്‍കിയത്. ഈ പരാതിയിൽ 10 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇഡി തുടര്‍നടപടി സ്വീകരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് ഇന്നലെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊവിഡ് ഭേദമായില്ല എന്ന് കാണിച്ച് മറുപടി നൽകുകയായിരുന്നു സോണിയ. മൂന്നാഴ്ച സമയം വേണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗീകരിച്ചിട്ടുണ്ട്.