ഗാസിയാബാദ്: കാര്‍ വാങ്ങാന്‍ വീട്ടുകാര്‍ പണം നല്‍കിയില്ല, വീട്ടുകാരെ പറ്റിച്ച് പണമുണ്ടാക്കാന്‍  ഇരുപതുകാരന്‍ ചെയ്തത് ഞെട്ടിക്കും. ഹോട്ടലില്‍ മുറിയെടുത്ത് തട്ടിക്കൊണ്ട് പോവല്‍ നാടകം കളിച്ച ഇരുപതുകാരന്‍ ഒടുവില്‍ പൊലീസ് പിടിയിലായി. ചൊവ്വാഴ്ചയാണ് ഗാസിയാബാദില്‍ നിന്ന് ഇരുപതുകാരനായ ആകാശിനെ പൊലീസ് പിടികൂടുന്നത്. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തിന്‍റെ വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞിറങ്ങിയ ഗാസിയാബാദിലെ പ്രഗതി വിഹാര്‍ സ്വദേശിയായ ആകാശ് മടങ്ങി വന്നില്ല. യുവാവിനെ തട്ടിക്കൊണ്ട് പോയതായും പണം നല്‍കണമെന്നും ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍ കോള്‍ എത്തുകയായിരുന്നു.

രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ മകനെ വിട്ടുനല്‍കാമെന്ന് വിശദമാക്കി തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അജ്ഞാതന്‍റെ സന്ദേശം എത്തുന്നത്. പണം നല്‍കാതിരിക്കുകയോ വിവരം മറ്റുള്ളവരെ അറിയിക്കുകയോ ചെയ്താല്‍ ആകാശിനെ കൊലപ്പെടുത്തുമെന്നായിരുന്നു സന്ദേശം. എന്നാല്‍ ആകാശിന്‍റെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് തട്ടിക്കൊണ്ട് പോകല്‍ നാടകത്തിന് അവസാനമായത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് ആകാശിന്‍റെ രക്ഷിതാക്കള്‍ നേരത്തെ പണം ആവശ്യപ്പെട്ട് വിളിച്ച നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ഈ നമ്പര്‍ പൊലീസ് ലോക്കേറ്റ് ചെയ്യുകയായിരുന്നു. നോയിഡയിലെ സെക്ടര്‍ 22 ലെ ഹോട്ടലിലായിരുന്നു ആകാശ് തങ്ങിയിരുന്നത്.

സ്ഥലത്ത് പരിശോധന നടത്തിയ പൊലീസാണ് തട്ടിക്കൊണ്ട് പോകല്‍ നാടകം പൊളിച്ചത്. എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയ ആകാശ് സുഹൃത്തുക്കളായ അന്‍കിത് കുമാര്‍, കരണ്‍ കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് തട്ടിക്കൊണ്ട് പോകല്‍ പദ്ധതിയിട്ടത്. നേരത്തെ സഹോദരന്‍ ഉപയോഗിച്ചിരുന്ന ബൈക്ക് ആകാശിന് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തൃപ്തനാവാതിരുന്ന ആകാശ് കാറ് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ ആവശ്യത്തിന് വഴങ്ങിയില്ല. ഇതോടെയാണ് സ്വന്തം തട്ടിക്കൊണ്ടുപോകല്‍ എന്ന ആശയത്തിലേക്ക് എത്തിയത്. അങ്കിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ കരണിനെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.