ഫരീദാബാദ് : ഹരിയാനയിലെ  ഫരീദാബാദിനടുത്തുള്ള ബല്ലഭ്ഗഡ് അഗർവാൾ കോളേജിലെ വിദ്യാർത്ഥിനി നികിതാ തോമറിനെ, കോളേജ് പരിസരത്തെ റോഡിൽ വെച്ച്, രണ്ട് അക്രമികൾ ചേർന്ന് ആദ്യം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും, ശ്രമം പരാജയപ്പെട്ട ദേഷ്യത്തിന് യുവതിയെ പട്ടാപ്പകൽ വെടിവെച്ചു കൊല്ലുകയും ചെയ്തു. 

ഈ യുവതി ഒരു മാസം മുമ്പ്, അക്രമികളിൽ ഒരാളായ തൗഫീഖിനെതിരെ തന്നെ അപമാനിക്കാൻ ശ്രമിച്ചു എന്നാക്ഷേപിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടായിരുന്നു.  പ്രാദേശിക പത്രപ്രവർത്തകരിൽ ഒരാളായ രാജ് ശേഖർ ഝാ ആണ് തന്റെ ട്വിറ്റെർ ഹാൻഡിലിലൂടെ ഈ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചത്.

 

കാറിൽ നിന്ന് തോക്കുമായി ഇറങ്ങി വന്ന അക്രമി, നികിതയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും, യുവതി കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോയിന്റ് ബ്ലാങ്കിൽ അവളെ വെടിവെച്ചുകൊന്ന ശേഷം അതേ കാറിൽ കയറി പാഞ്ഞു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. 

 തോക്കുചൂണ്ടി വെടിവെക്കാനാഞ്ഞ തൗഫീഖിനെ തടയാൻ ശ്രമിച്ചുകൊണ്ട് കാർ ഓടിച്ചിരുന്ന അയാളുടെ കൂട്ടാളി അടുത്തെത്തിയപ്പോഴേക്കും വെടി പൊട്ടിക്കഴിഞ്ഞിരുന്നു. തുടർന്ന് തൗഫീഖിനെ വിളിച്ച് കാറിൽ കയറ്റി അവർ ഇരുവരും കൂടി രക്ഷപ്പെടുകയാണുണ്ടായത്. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും നികിത അപ്പോഴേക്കും മരണപ്പെട്ടു കഴിഞ്ഞിരുന്നു. എസ്ജിഎം നഗർ നിവാസിയായ യുവതി അഗർവാൾ കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനി ആയിരുന്നു. പന്ത്രണ്ടാം ക്‌ളാസ് വരെ നികിതയുടെ ക്‌ളാസിൽ തന്നെയാണ് തൗഫീഖും പഠിച്ചിരുന്നത്. ഇയാൾ നികിതയെ പിന്നാലെ നടന്നു ശല്യം ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി എന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ മാസം പ്രതി തൗഫീഖിനെതിരെ നികിത നൽകിയ പരാതിയിന്മേൽ ഇരു പക്ഷത്തേയും ചർച്ചക്ക് വിളിച്ചു വരുത്തിയ പോലീസ് ഇവർ തമ്മിൽ ഒത്തുതീർപ്പിൽ എത്തിച്ച് കേസില്ലാതെ അവസാനിപ്പിച്ചിരുന്നു. നിഖിതയോട് നടത്തിയ പ്രണയാപേക്ഷ നിരസിക്കപ്പെട്ടതിലുണ്ടായ വൈരാഗ്യം കാരണമാണ് തൗഫീഖ് യുവതിയെ വെടിവെച്ചു കൊന്നത് എന്ന് ബല്ലഭ്ഗഡ് എസിപി ജയ്‌വീർ റാഠി ടിംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.