ദില്ലി: ഏത് വെല്ലുവിളികളെയും നേരിടാൻ തക്ക ധൈര്യവും ആത്മവിശ്വാസവുമുള്ളവരാണ് രാജ്യത്തെ യുവാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ എഴുതാനുള്ള അവസാന തയ്യാറെടുപ്പുകളിലാണ് എല്ലാവരും എന്നറിയാം. ''പരീക്ഷാ പേ ചർച്ചാ പരിപാടിയുടെ സമയത്ത് കോടിക്കണക്കിന് വിദ്യാർത്ഥികളുമായി സംവദിക്കാൻ അവസരം ലഭിച്ചിരുന്നു. അതിനാൽ ഏത് തരത്തിലുള്ള വെല്ലുവിളികളെയും അഭിമുഖീകരിക്കാൻ തയ്യാറുള്ളവരാണ് രാജ്യത്തെ യുവാക്കൾ എന്ന് എനിക്ക് പറയാൻ സാധിക്കും.'' പ്രതിമാസ റേഡിയോ പ്രോ​ഗ്രാമായ മൻ കിബാത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. 

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ ചരിത്രപരമായ നേട്ടവും പുതിയ ഇന്ത്യയ്ക്ക് ഒരു നാഴികക്കല്ലുമായിരിക്കും ​ഗ​ഗൻയാൻ ദൗത്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''രാജ്യം 71-ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന വേളയിൽ ​ഗ​ഗന്യാൻ ദൗത്യത്തെക്കുറിച്ച് നിങ്ങളോട് പറയാൻ എനിക്ക് അഭിമാനമുണ്ട്. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ൽ ​ഗ​ഗൻയാൻ‌ പദ്ധതിയിലൂടെ ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കും എന്ന പ്രതിജ്ഞ നിറവേറ്റും.'' മോദി വ്യക്തമാക്കി. ''ഇതിനായി നാല് ഇന്ത്യൻ വ്യോമസേന പൈലറ്റുമാരെ തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു. ഇവർ ഇന്ത്യയുടെ കഴിവിന്റെയും പ്രതീക്ഷകളുടെയും പ്രതീകങ്ങളാണ്. അവരുടെ കഴിവിൽ പൂർണ്ണമായും വിശ്വാസമുണ്ട്. പരിശീലനത്തിനായി ഇവർ റഷ്യയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയാണ്. ഒരു വർഷമാണ് പരിശീലന കാലാവധി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സുവർണ്ണ അധ്യായമായിരിക്കും തുറക്കാൻ പോകുന്നതെന്ന്  എനിക്കുറപ്പുണ്ട്.'' മോദി പറഞ്ഞു.

''പത്മ പുരസ്കാരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എല്ലാം ഓൺലൈനായിട്ടാണ് നടത്തിയത്. മുമ്പ് ഒരു കൂട്ടം ആളുകൾ ചേർന്നാണ് പത്മ പുരസ്കാരം ആർക്കൊക്കെ എന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ജനങ്ങളുടെ പുരസ്കാരമായി മാറിയിരിക്കുന്നു. ഇത്തവണ 46000 പേരെയാണ് നാമനിർദ്ദേശം ചെയ്തത്. അവരിൽ നിന്ന് 141 പേർക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചു. 2014 ൽ ലഭിച്ചതിനേക്കാൾ 20 മടങ്ങ് അധികം നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്.'' ജനങ്ങൾക്ക് പത്മ പുരസ്കാരങ്ങളോട് വിശ്വാസവും ആദരവും വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാണിച്ചു.