യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
'ഷൂട്ടിംഗിന് ശേഷം ഇന്നലെ അര്‍ധ രാത്രിയാണ് ഇവര്‍ ഫ്‌ളാറ്റിലെത്തിയത്. പിന്നാലെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.'
ചണ്ഡീഗഡ്: ഹരിയാനയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ജീവനൊടുക്കി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗാര്‍വിത് സിംഗ് (25), നന്ദിനി കശ്യപ് (22) എന്നിവരാണെന്ന് മരിച്ചതെന്ന് ഹരിയാന പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം ഡെറാഡൂണില്‍ നിന്ന് ഹരിയാനയിലെ ബഹദൂര്‍ഗഡിലേക്ക് താമസം മാറിയത്. ബഹദൂര്‍ഗഡിലെ റുഹീല റസിഡന്‍സിയില്‍ ഏഴാം നിലയില്‍ ഫ്‌ളാറ്റ് വാടകയ്ക്കെടുത്താണ് ഇവരും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഷൂട്ടിംഗിന് ശേഷം ഇന്നലെ അര്‍ധ രാത്രിയാണ് ഇവര്‍ ഫ്‌ളാറ്റിലെത്തിയത്. പിന്നാലെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയായിരിക്കാം ആത്മഹത്യയെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഫ്‌ളാറ്റിലെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും പൊലീസ് അറിയിച്ചു.
ഇന്‍സ്റ്റാഗ്രാമില്‍ നിരവധി പേര്‍ പിന്തുടരുന്ന വ്യക്തികളിലൊരാളാണ് നന്ദിനി. രണ്ട് ദിവസം മുന്‍പ് ദില്ലി സന്ദര്‍ശിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രമുഖ ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും നന്ദിനിയുടെ അക്കൗണ്ടില്‍ കാണാം. സിനിമാ പ്രവര്‍ത്തകന്‍ എന്നാണ് സോഷ്യല്‍മീഡിയകളില്‍ ഗാര്‍വിത് തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള നിരവധി ഫോട്ടോകളും ഇയാളുടെ അക്കൗണ്ടിലും കാണാം. ആറ് സിനികളുടെ ഭാഗമായിട്ടുണ്ടെന്നും ഗാര്‍വിത് പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക: 1056, 0471 2552056)