2020, 2021, 2024 ലും ജസ്ബീർ പാകിസ്താനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. മൊബൈലും ലാപ്ടോപ്പും പരിശോധിച്ചതിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരവധി ഫോൺ നമ്പരുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

ദില്ലി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് പിടിയിലായ യൂട്യൂബർ ജസ്ബീർ സിങ്ങിന് യൂട്യൂർ ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധമെന്ന് പഞ്ചാബ് പൊലീസ്. ദില്ലിയിൽ പാകിസ്ഥാന്‍റെ ദേശീയ ദിന പരിപാടിയിൽ ജ്യോതി മൽഹോത്രയും ജസ്ബീറും കൂടിക്കാഴ്ച നടത്തിയെന്നും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരോടടക്കം സംസാരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർക്കും ഐസിസ് ഏജന്‍റിനും ഇന്ത്യയുടെ സൈനിക രഹസ്യങ്ങളടക്കം പങ്കുവെച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസർ ജ്യോതി മൽഹോത്രയെ ഹരിയാന പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബർമാരെയടക്കം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ജസ്ബീർ സിങ് പിടിയിലാകുന്നത്.

പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ മഹ്‌ലാൻ സ്ര്വദേശിയും 'ജാൻ മഹൽ' എന്ന യൂട്യൂബ് ചാനൽ ഉടമയുമാണ് ജസ്ബീർ സിങ്. ജസ്ബീറിന് പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ജ്യോതി മൽഹോത്രയുമായി ജസ്ബീറിന് അടുത്ത ബന്ധമാണെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ജ്യോതിക്ക് അടുപ്പമുണ്ടായിരുന്ന പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ മുൻ ഉദ്യോഗസ്ഥൻ അഹ്‌സാനുർ റഹീം എന്ന ഡാനിഷുമായും ജസ്ബീർ ബന്ധം പുലർത്തിയിരുന്നതായി പഞ്ചാബ് പൊലീസ് എസ്പി അറിയിച്ചു. ചാര പ്രവർത്തിക്ക് ഡാനിഷിനെ ഇന്ത്യ പുറത്താക്കിയിരുന്നു.

അടുത്തിടെ നടന്ന പാക് ദേശീയ ദിനത്തിൽ ദില്ലിയിൽ വെച്ച് ജസ്ബീറും ജ്യോതിയും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും പാകിസ്ഥാനി വ്ളോഗർമാരുമായും കൂടിക്കാഴ്ച നടത്തിയതായും പഞ്ചാബ് പൊലീസ് പറഞ്ഞു. 2020, 2021, 2024 ലും ജസ്ബീർ പാകിസ്താനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. മൊബൈലും ലാപ്ടോപ്പും പരിശോധിച്ചതിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരവധി ഫോൺ നമ്പരുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജസ്ബീറിൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. സുഹൃത്തായ ജ്യോതിയുടെ അറസ്റ്റോടോ പാകിസ്ഥാൻ ഏജന്‍റുമാരുമായി സംസാരിച്ച തെളിവുകൾ നശിപ്പിക്കാൻ ജസ്ബീർ ശ്രമം നടത്തിയെന്നും പൊലീസ് പറഞ്ഞു.