ഇന്ത്യ നല്കിയ കനത്ത തിരിച്ചടിക്കു ശേഷം പാകിസ്ഥാനു പോലും ഇങ്ങനെ പറയാനുള്ള ധൈര്യം ഇല്ലെന്ന് ബിജെപി അദ്ധ്യക്ഷൻ

ദില്ലി:ഇന്ത്യ കീഴടങ്ങിയെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാജ്യദ്രോഹമെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.ഇന്ത്യൻ സേനയെ രാഹുൽ ഗാന്ധി അപമാനിച്ചു എന്ന് അദ്ദേഹം 
കുറ്റപ്പെടുത്തി.ഇന്ത്യ നല്കിയ കനത്ത തിരിച്ചടിക്കു ശേഷം പാകിസ്ഥാനു പോലും ഇങ്ങനെ പറയാനുള്ള ധൈര്യം ഇല്ലെന്നും ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു

Scroll to load tweet…

അതിനിടെ ഇന്ത്യ വെളിപ്പെടുത്തിയതിലുമധികം സേന താവളങ്ങള്‍ തകര്‍ത്തെന്ന് പാകിസ്ഥാന്‍ സമ്മതിച്ചു. പാകിസ്ഥാന്‍റെ 11 സേനാ താവളങ്ങളും , 2 വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തെന്നായിരുന്നു ഇന്ത്യയുടെ അവകാശവാദം. എന്നാല്‍ അറ്റ കുറ്റപണികള്‍ക്കായി പാകിസ്ഥാന്‍ തയ്യാറാക്കിയ പട്ടിക എണ്ണമിടുന്നത് 18 സേനാ താവളങ്ങള്‍ തകര്‍ന്നെന്നാണ്. പെഷാവര്‍,ബഹാവല്‍ നഗര്‍, പഞ്ചാബ് പ്രവശ്യയിലെ ഝംഗ്, ഗുജറാത്ത് , സിന്ധിലെ ഛോര്‍, ഹൈദരാബാദ്, അറ്റോക് എന്നിവിടങ്ങളിലെ താവളങ്ങള്‍ കൂടി തകര്‍ന്നെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കുന്നു. ഇവിടങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും പാകിസ്ഥാന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

സാധാരണക്കാരെ ആക്രമിച്ചില്ലെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് വരുത്താനാണ് പാകിസ്ഥാന്‍റെ ശ്രമമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം ഇന്ത്യ പാക് സംഘര്‍ഷത്തില്‍ ഇന്ത്യയാണ് വില്ലനെന്ന് മറ്റ് രാജ്യങ്ങള്‍ വിശ്വസിച്ചിരിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. പാശ്ടാത്യ മാധ്യമങ്ങള്‍ അത്തരത്തിലാണ് പ്രചാരണം നടത്തിയിരിക്കുന്നത്. ഇന്ത്യക്ക് വലിയ നഷ്ടങ്ങളുണ്ടായെന്നും സംയുക്ത സൈനിക മേധാവിയുടെ വാക്കുകളെയടക്കം ആയുധമാക്കി പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണ്. തെറ്റിദ്ധാരണ മാറാന്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ച് സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ദില്ലിയില്‍ മടങ്ങിയെത്തിയ സര്‍വകക്ഷി സംഘത്തിലുള്ള ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു