വൈഎസ് ശര്‍മിള തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തമായ സൂചന പാർട്ടി വൃത്തങ്ങൾ നൽകുന്നില്ല
വിശാഖപട്ടണം: വൈഎസ് രാജശേഖരൻ റെഡ്ഡിയുടെ മകളും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ ആന്ധ്രാ പ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താക്കുറിപ്പിറക്കി.
സംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷനായ ജി രുദ്രരാജു അധ്യക്ഷ പദവി രാജിവച്ചു. ഇദ്ദേഹം കോൺഗ്രസ് പ്രവർത്തക സമിതിൽ പ്രത്യേക ക്ഷണിതാവാകും. രണ്ടാഴ്ച മുൻപാണ് വൈ എസ് ശർമിള സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഹോദരൻ ജഗൻമോഹൻ റെഡ്ഡിക്കെതിരെ കോൺഗ്രസിനെ നയിക്കുന്നത് ഇതോടെ വൈഎസ് ശർമിളയായിരിക്കും. എന്നാൽ വൈഎസ് ശര്‍മിള തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തമായ സൂചന പാർട്ടി വൃത്തങ്ങൾ നൽകുന്നില്ല. വൈഎസ് ശര്‍മ്മിള രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാനോ, ലോക്സഭാ സീര്റിൽ മത്സരിക്കാനോ സാധ്യതയുണ്ട്.
2009-ൽ അച്ഛൻ വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണശേഷം സഹോദരൻ ജഗൻമോഹൻ റെഡ്ഡിയും അമ്മ വിജയമ്മയും ചേർന്ന് ആന്ധ്രയിൽ നയിച്ച പദയാത്ര വിജയമാക്കാൻ ഓടി നടന്ന് പ്രയത്നിച്ചയാളാണ് വൈ എസ് ശർമിള. രാഷ്ട്രീയത്തിൽ തന്‍റെ സംഘാടന മികവ് അന്നേ തെളിയിച്ചതാണ് ഈ സ്ത്രീ. 2019-ൽ മുഖ്യമന്ത്രിയായതോടെ വൈ എസ് ആർ കോൺഗ്രസിന്‍റെ മുഴുവൻ നിയന്ത്രണവും ജഗൻ മോഹൻ റെഡ്ഡി ഏറ്റെടുത്തു. തനിക്ക് വേണ്ട പദവികൾ നൽകാതിരുന്നതിൽ അന്നേ ശര്‍മിളയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.
എന്നാൽ സഹോദരനെതിരെ അവര്‍ നിന്നില്ല. പ്രവർത്തനമണ്ഡലം തെലങ്കാനയിലേക്ക് മാറ്റിയ ശര്‍മ്മിള, വൈഎസ്ആർ തെലങ്കാന പാർട്ടിക്ക് രൂപം നൽകി. എന്നാൽ ആന്ധ്ര തന്നെയാണ് തന്‍റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ് ശർമിള തിരികെ വരികയായിരുന്നു. കോൺഗ്രസിൽ സ്വന്തം പാർട്ടിയെ ലയിപ്പിച്ച പ്രഖ്യാപനത്തിന് ശേഷം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നത് തന്‍റെ അച്ഛന്‍റെ സ്വപ്നമായിരുന്നെന്നാണ് ശര്‍മിള പറഞ്ഞത്. അച്ഛന്‍റെ രാഷ്ട്രീയത്തിന്‍റെ പിന്തുടർച്ചാവകാശി എന്ന നിലയിൽ ശർമിള ഇനി ആന്ധ്രയിൽ നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങൾ ദക്ഷിണേന്ത്യയിലെ കോൺഗ്രസിന്റെ കരുത്ത് വര്‍ധിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
