ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലവുകൾ ഉയർന്നതിനാലും സോഫ്റ്റ്‌വെയർ മേഖലയിലെ പ്രതിസന്ധികൾ കാരണവും ജീവനക്കാർക്ക് ഇത്തവണ ശമ്പളവർധനവ് നൽകില്ലെന്ന് സോഹോ കോർപ്പറേഷൻ വ്യക്തമാക്കി.

ചെന്നൈ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ചെലവുകൾ കുത്തനെ ഉയർന്നതിനെത്തുടർന്നും സോഫ്റ്റ്‌വെയർ മേഖല നേരിടുന്ന അനിശ്ചിതത്വങ്ങൾ കാരണവും ജീവനക്കാർക്ക് ഇത്തവണ വാർഷിക ശമ്പളവർധനവ് നൽകില്ലെന്ന് പ്രമുഖ ഇന്ത്യൻ ഐടി കമ്പനിയായ സോഹോ കോർപ്പറേഷൻ. വാർത്ത സ്ഥിരീകരിച്ച കമ്പനി സ്ഥാപകൻ ശ്രീധർ വെമ്പു, കൂട്ടപ്പിരിച്ചുവിടലുകൾ പരമാവധി ഒഴിവാക്കാൻ കഠിനമായി ശ്രമിക്കുകയാണെന്നും വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ശ്രീധർ വെമ്പു കമ്പനി നിലപാട് വ്യക്തമാക്കിയത്. ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ സെർവറുകളുടെ വിലയിലുണ്ടായ വർധനവും എഐ ഉപയോഗം ഉയർന്നതുമാണ് കമ്പനിയുടെ ചെലവുകൾ ഇത്രയധികം കൂട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

"സോഫ്റ്റ്‌വെയർ രംഗത്തെ ഭാവി അനിശ്ചിതത്വത്തിലാണ്. അതിനൊപ്പം എഐ ഉപയോഗം കമ്പനിയുടെ ചെലവുകൾ വൻതോതിൽ വർധിപ്പിച്ചു. മാർക്കറ്റിംഗ് ബജറ്റ് ഞങ്ങൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജീവനക്കാർക്ക് ഇത്തവണ പതിവുപോലെ ശമ്പളവർധനവ് നൽകാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൽ ഞാൻ ജീവനക്കാരോട് മാപ്പപേക്ഷിക്കുന്നുവെന്ന് ശ്രീധർ വെമ്പു എക്‌സിൽ കുറിച്ചു.

കമ്പനിയിൽ നിന്നുള്ള കൂട്ടപ്പിരിച്ചുവിടലുകൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഐടി/സോഫ്റ്റ്‌വെയർ മേഖലയിലെ തൊഴിൽ സാധ്യതകൾ പൊതുവെ മങ്ങുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 18 മാസമായി സോഹോ പുതിയ ജീവനക്കാരെ എടുക്കുന്നില്ല. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം ജീവനക്കാർ മനസ്സിലാക്കുന്നുണ്ടെന്നും അതിന് നന്ദിയറിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയെ പുതിയ രീതിയിൽ പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങളിലാണെന്നും ഇതിന്റെ ഫലം കാണാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.