യൂണിഫോം ധരിച്ച് ആരുമറിയാതെ ബൈക്കിൽ ഓർഡറുകൾ എത്തിക്കുന്ന ഈ രീതി കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്നുണ്ട് ദീപീന്ദർ ഗോയൽ

ദില്ലി : സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ മൂന്ന് മാസത്തിലൊരിക്കൽ യൂണിഫോം ധരിച്ച് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തി നൌക്കരി ഡോട്ട് കോം സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ സജ്ഞീവ് ബിഖ്ചന്ദാനി. ദീപീന്ദർ ഉൾപ്പെടെയുള്ള എല്ലാ സീനിയർ മാനേജർമാരും ചുവന്ന സൊമാറ്റോ ടീ ധരിക്കുകയും മോട്ടോർ സൈക്കിളിൽ കയറി ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബിഖ്ചന്ദാനി ട്വീറ്റ് ചെയ്തു. ഇതുവരെ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്നം ബിഖ്ചന്ദാനി പറയുന്നു. 

യൂണിഫോം ധരിച്ച് ആരുമറിയാതെ ബൈക്കിൽ ഓർഡറുകൾ എത്തിക്കുന്ന ഈ രീതി കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനെറ്റ് ഉപയോക്താക്കൾ ദീപീന്ദർ ഗോയലിന്റെ ശ്രമത്തെ അഭിനന്ദിച്ച് രംഗത്തെത്തി. താഴേ തട്ടിലുള്ള ജീവനക്കാരുടേതും ഒപ്പം ഉപഭോക്താക്കളുടെയും പ്രശ്നങ്ങൾ ഒരേ സമയം മനസ്സിലാക്കി പരിഹരിക്കാൻ കഴിയുമല്ലോ എന്ന് ചിലർ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് ചെയ്തു. 

"ഉപഭോക്താവിനോട് അടുക്കുന്നത് പോലെ മറ്റൊന്നുമില്ല. അവിശ്വസനീയം" മറ്റൊരാൾ കൂട്ടിച്ചേർത്തു. മൂന്നാമൻ അഭിപ്രായപ്പെട്ടത്, "ഒരു ജോലിയും തീരെ ചെറുതല്ല'' എന്ന് മറ്റൊരാൾ കുറിച്ചു. അതേസമയം, ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്റെ ജീവനക്കാരുടെ അതേ രീതിയിൽ ഒരു ദിവസം ചെലവഴിക്കുന്നത് ഇതാദ്യമല്ല. ഈ വർഷമാദ്യം, ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പ്രസിഡന്റ് പ്രഭ്ജീത് സിംഗ് തന്റെ റൈഡർമാരുടെ പ്രശ്‌നങ്ങളും സാഹചര്യങ്ങളും നേരിട്ട് മനസ്സിലാക്കാൻ ഈ വഴി തിരഞ്ഞെടുത്തിരുന്നു.

Scroll to load tweet…