അമ്മയുടെ കാമുകനും മറ്റുള്ളവരും തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അമ്മ അത് അനുവദിച്ചെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഹരിദ്വാർ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടു നിന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഹരിദ്വാറിലെ മുൻ ബിജെപി നേതാവായ യുവതിയേയും കാമുകനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിൽനിന്നു വേർപിരിഞ്ഞ് കഴിയുകയായിരുന്നു ഹരിദ്വാർ ബിജെപിയുടെ മുൻ ഓഫിസ് ഭാരവാഹിയായിരുന്ന യുവതി. ഇവർ തന്‍റെ കാമുകന് 13 കാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടു നിന്നുവെന്നാണ് പരാതി.

സംഭവത്തിൽ യുവതിയുടെ കാമുകൻ സുമിത് പട്‌വാളിനേയും ഹരിദ്വാർ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഭർത്താവുമായി പിരിഞ്ഞ് കാമുകനായ സുമിത്തിനൊപ്പമായിരുന്നു യുവതി കഴിഞ്ഞത്. 13 കാരിയായ മകൾ അമ്മക്കൊപ്പമായിരുന്നു. കാമുകൻ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടും അമ്മ എതിർക്കാതെ കൂട്ടു നിൽക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ 13 വയസ്സുള്ള മകൾ അമ്മയെ വിട്ട് അച്ഛനൊപ്പം താമസം ആരംഭിച്ചിരുന്നു. ഇവിടെ വെച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനത്തെ കുറിച്ച് അച്ഛനോട് തുറന്ന് പറഞ്ഞത്. വിവരമറിഞ്ഞ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയിൽ കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അമ്മയുടെ കാമുകനും മറ്റുള്ളവരും തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അമ്മ അത് അനുവദിച്ചെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പൊലീസ് അമ്മയേയും കാമുകനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിലായ യുവതി ബിജെപിയുടെ നിലവിലെ ഭാരവാഹിയല്ലെന്ന് ഹരിദ്വാറിലെ ബിജെപി യൂണിറ്റ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ അവരെ എല്ലാ പാർട്ടി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നുവെന്നും നിലവിൽ അവർ ബിജെപിയുടെ ഒരു സ്ഥാനങ്ങളും വഹിക്കുന്നില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശുതോഷ് ശർമ പറഞ്ഞു.