കോഴിക്കോട് നടന്ന ലൈംഗിക പീഡനക്കേസിൽ മൂന്നാമത്തെ പ്രതിയും അറസ്റ്റിലായി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടേക്ക് എത്തിച്ച ശേഷമായിരുന്നു പീഡനം.

കോഴിക്കോട്: കോഴിക്കോട്ടെ സെക്സ് റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിൽ. അസം സ്വദേശി റഖീബുദ്ദീൻ അൻസാരിയാണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ മൂന്നു പേർ അറസ്റ്റിലായി.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജോലി നൽകാമെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് എത്തിച്ചായിരുന്നു പീഡനം. ശാരീരിക അവശതകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് പൊലീസിൽ അഭയം തേടിയത്. ഈ സംഭവത്തിലാണ് മൂന്നാമത്തെ അറസ്റ്റ് ടൌൺ പൊലീസ് രേഖപ്പെടുത്തിയത്. 

മഞ്ചേരിയിൽ കെട്ടിട നിർമാണ തൊഴിലാളിയാണ് പ്രതി റഖീബുദ്ദീൻ അൻസാരി. പെൺകുട്ടിയെ ഉപദ്രവിച്ചവരിൽ ഇയാളുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കോഴിക്കോട് വച്ച് തന്നെയാണ് പ്രതിയെ പിടിച്ചത്. അസം സ്വദേശികളായ ഫുർഖാൻ അലി, അക്ളിമ ഖാതുൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

പോക്സോ, പീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മലയാളികൾ ഉൾപ്പെട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്. ടൗൺ സിഐ പി ജിതേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മൂന്നു പേരെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനം.

YouTube video player